മദ്യനയക്കേസ്: സിസോദിയയുടെ ജാമ്യ ഉപാധിയിൽ ഇളവ്
Thursday 12 December 2024 1:46 AM IST
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എല്ലാ തിങ്കളും വ്യാഴവും ഇ.ഡി - സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന ജാമ്യഉപാധിയിൽ സുപ്രീംകോടതി ഇളവ്. സിസോദിയയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. അതേസമയം, വിചാരണനടപടികൾക്കായി റൗസ് അവന്യു കോടതിയിൽ കൃത്യമായി ഹാജരാകണമെന്ന് നിർദ്ദേശിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 9ന് കേന്ദ്ര ഏജൻസികളുടെ കേസുകളിൽ ജാമ്യം അനുവദിക്കവെയാണ് സുപ്രീംകോടതി ഉപാധി വച്ചത്. ഇതിനോടകം സിസോദിയ 60 തവണയിലേറെ അന്വേഷണഉദ്യോഗസ്ഥന് മുന്നിൽ ഹാജരായതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയെ അറിയിച്ചിരുന്നു. മറ്റു ഒരു പ്രതികൾക്കും ഇത്തരത്തിൽ ജാമ്യ ഉപാധിയില്ലെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇന്നലെ ജാമ്യഉപാധി ഒഴിവാക്കിയത്.