പ്രണയസാഫല്യം; നടി കീർത്തി സുരേഷും ആന്റണിയും വിവാഹിതരായി, ചിത്രങ്ങൾ പങ്കുവച്ച് താരം

Thursday 12 December 2024 2:40 PM IST

പനാജി: നടി കീർത്തി സുരേഷ് വിവാഹിതായായി. ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

പരമ്പരാഗത രീതിയിലാണ് കീർത്തി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ട് പുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രെഡിഷണൽ ആഭരണങ്ങളും ധരിച്ച് തമിഴ് സ്റ്റൈൽ വധു ആയിരുന്നു. ചടങ്ങിൽ വിജയ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്തുവെന്നാണ് വിവരം.

15 വർഷമായി കീർത്തിയും ആന്റണിയും പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി ഇപ്പോൾ ബിസിനസുകാരനാണ്. കൊച്ചി ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ആന്റണി.

ദിവസങ്ങൾക്ക് മുമ്പ് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 'റിവോള്‍വര്‍ റിത'യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ 'ബേബി ജോണ്‍' എന്ന സിനിമ പൂര്‍ത്തിയാക്കി. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും.