 തമിഴ്നാട്ടിൽ കനത്ത മഴ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഭിത്തി വീണ് 13കാരൻ മരിച്ചു

Friday 13 December 2024 1:58 AM IST

ചെന്നൈ: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി തമിഴ്നാട്ടിൽ കനത്ത മഴ. 23 ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാഗപട്ടണത്ത് കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു. പരിക്കേറ്റ മാതാപിതാക്കളും സഹോദരിയും ചികിത്സയിലാണ്. ചെന്നൈ, വിഴുപുരം, കടലൂർ അടക്കം 12 ജില്ലകളിൽ ഇന്നലെ സ്‌കൂളുകൾക്ക് അവധി നൽകി. മോശം കാലാവസ്ഥ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട എയർ ഇന്ത്യയുടെ നാല് വിമാ‌നങ്ങൾ റദ്ദാക്കി. ഇവിടെ നിന്ന് പുറപ്പെടേണ്ടിയിരുന്ന 15 വിമാനങ്ങൾ വൈകി.

പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചിലയിടത്ത് മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു.