അടിയന്തര ശസ്ത്രക്രിയ: ലൂലയുടെ നില തൃപ്‌തികരം

Friday 13 December 2024 7:36 AM IST

ബ്രസീലിയ: അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയുടെ (79) നില തൃപ്തികരം. ചൊവ്വാഴ്ച ലൂലയെ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. രക്തസ്രാവത്തിനുള്ള സാദ്ധ്യത കുറയ്ക്കാനാണ് ലൂലയെ ഇന്നലെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

ലൂലയ്ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും സാവോ പോളോയിലെ സിറിയോ-ലിബാനസ് ആശുപത്രി അധികൃതർ പ്രതികരിച്ചു. തിങ്കളാഴ്ച ശക്തമായ തലവേദന അനുഭവപ്പെട്ട ലൂലയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ തലയിൽ രക്തസ്രാവം കണ്ടെത്തിയിരുന്നു.

ഒക്ടോബർ 19ന് വസതിയിൽ വീണ് ലൂലയുടെ തലയ്ക്ക് പിന്നിൽ പൊട്ടൽ സംഭവിച്ചിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം റഷ്യയിലെ ബ്രിക്സ് ഉച്ചകോടിയിലേക്ക് അടക്കം നിശ്ചയിച്ചിരുന്ന യാത്രകൾ ലൂല റദ്ദാക്കി.

അതേ സമയം, ലൂലയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട എന്നും അധികം വൈകാതെ പൂർണ പ്രസിഡൻഷ്യൽ ഡ്യൂട്ടിയിലേക്ക് അദ്ദേഹം മടങ്ങിയെത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.