ഭക്ഷണമില്ല, ഇരിപ്പിടവുമില്ല; ഇൻഡിഗോ വിമാനം വൈകിയതോടെ ഒരു ദിവസം മുഴുവൻ പാടുപെട്ട് യാത്രക്കാർ
അങ്കാറ: ഇസ്താംബൂൾ വിമാനത്താവളത്തിൽ ഒരു ദിവസം മുഴുവൻ കുടുങ്ങിക്കിടന്ന് യാത്രക്കാർ. ഡൽഹി, മുംബയ്, തുർക്കി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോകേണ്ടിയിരുന്ന 400ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. ഇതുസംബന്ധിച്ച് യാത്രക്കാർ സോഷ്യൽമീഡിയയിൽ പോസ്റ്റുകളിട്ടിരുന്നു. യാത്രക്കാരുടെ പരാതിയിൽ ഇൻഡിഗോയും പ്രതികരിച്ചിട്ടുണ്ട്.
എക്സിലും ലിങ്ക്ഡിനിലും വിമാനം റദ്ദാക്കിയ വിവരങ്ങൾ യാത്രക്കാർ പങ്കുവച്ചിരുന്നു. ആദ്യം വിമാനം വൈകുമെന്നും പിന്നാലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇൻഡിഗോ വിമാനം റദ്ദാക്കുകയുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ആദ്യം വിമാനം അരമണിക്കൂർ വീതം രണ്ടു തവണ വൈകുമെന്ന് അറിയിച്ചതായും പിന്നാലെ റദ്ദാക്കിയെന്നും 12 മണിക്കൂർ കഴിഞ്ഞതോടെ യാത്ര വീണ്ടും ഷെഡ്യൂൾ ചെയ്‌തെന്നും യാത്രക്കാരിലൊരാളായ അനുശ്രീ ബൻസാലി എക്സിൽ പറഞ്ഞു. തനിക്ക് പനിയും ക്ഷീണവുമാണെന്ന് അധികൃതരെ അറിയിച്ചെങ്കിലും വിശ്രമിക്കാൻ പ്രത്യേക സ്ഥലമോ ഭക്ഷണത്തിന്റെ കൂപ്പണോ അനുവദിച്ചില്ലെന്നും അവർ വ്യക്തമാക്കി.
ഈ സംഭവത്തിൽ മറ്റൊരു യാത്രികന്റെ പ്രതികരണം ഇങ്ങനെയാണ്. 'ഇത്തരത്തിൽ സംഭവിച്ചതിന് നഷ്ടപരിഹാരമായി വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കാൻ അവസരമൊരുക്കണമെന്ന് കുടുങ്ങിക്കിടന്നവർ ആവശ്യപ്പെട്ടിരുന്നു. പക്ഷെ എല്ലാ യാത്രക്കാർക്കും ലോഞ്ചിൽ വിശ്രമിക്കാൻ കഴിയില്ലായിരുന്നു. കൃത്യമായ സംവിധാനങ്ങളില്ലാതെ യാത്രക്കാർ മണിക്കൂറുകളോളമാണ് നിന്നത്. പകരം യാത്ര ചെയ്യാൻ വിമാനങ്ങളോ കൃത്യമായ ആശയവിനിമയങ്ങളോ അവിടെ നടന്നില്ല'- യാത്രികൻ പറഞ്ഞു.സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.