വിശ്വജയം നേടിയ കരുനീക്കം

Saturday 14 December 2024 2:40 AM IST

സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ പതിനെട്ടു വയസുകാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ് നേടിയ കിരീടം രാജ്യത്തിനാകെ അഭിമാനം പകരുന്നതാണ്. ചതുരംഗ കരുക്കൾകൊണ്ട് ലോകം വെട്ടിപ്പിടിച്ച വിശ്വനാഥൻ ആനന്ദിന്റെ ശിഷ്യൻ,​ തന്നേക്കാൾ പ്രായവും പരിചയവുമുള്ള ചൈനീസ് ഗ്രാൻഡ് മാസ്റ്ററെ 14 റൗണ്ടുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നാണ് വിശ്വവിജയിയായത്. സമനിലയിലേക്കെന്നു കരുതിയ അവസാന റൗണ്ട് പോരാട്ടത്തിന്റെ അവസാന സമയത്തെ ആവേശോജ്വല നീക്കത്തിലൂടെ ഡിംഗ് ലിറെനെ അടിയറവു പറയിച്ചാണ് കൗമാരം കടക്കാത്ത ഇന്ത്യൻ താരം ചരിത്രമെഴുതിയത്. ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും മനസ്സാന്നിദ്ധ്യം വിടാതെ പൊരുതിയ ഗുകേഷ്,​ ഒരൊറ്റ കാലാളിന്റെ അധിക ആനുകൂല്യമാണ് വിജയത്തിലേക്കുള്ള കരുനീക്കമാക്കിയത്.

തന്നേക്കാൾ 14 വയസിന് മൂപ്പുള്ള ഡിംഗ് ലിറെനെതിരെ മൂന്ന് ഗെയിമുകളിൽ വിജയിക്കുകയും ഒൻപത് ഗെയിമുകളിൽ സമനില നേടുകയും ചെയ്താണ് ഗുകേഷ് ഏഴര പോയിന്റിൽ ആദ്യമെത്തിയത്. ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി​ ​ക​ളി​ച്ച​ ​ഗു​കേ​ഷി​നെ​ ​തോ​ൽ​പ്പി​ച്ചാ​ണ് ​ലി​റെ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​ര​ണ്ടാം​ ​റൗ​ണ്ട് ​ സ​മ​നി​ല​യി​ലാ​യി. മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​വീ​ണ്ടും​ ​വെ​ള്ള​ക്ക​രു​ക്ക​ൾ​ ​കൊ​ണ്ട് ​ക​ളി​ച്ച​ ​ഗു​കേ​ഷ് ത​ന്റെ​ ​ആ​ദ്യ​ ​വി​ജ​യം​ ​നേ​ടി​ ​തു​ല്യ​ത​ ​പി​ടി​ച്ചെ​ടു​ത്ത് ​ലി​റെ​ന് ​ശ​ക്ത​മാ​യ​ ​വെ​ല്ലു​വി​ളി​യുയ​ർ​ത്തി. തു​ട​ർ​ന്നു​ള്ള​ ​ഏ​ഴു​ ​റൗ​ണ്ടു​ക​ളി​ൽ​ ​ആ​ർ​ക്കും​ ​ജ​യി​ക്കാ​നാ​യി​ല്ല.​ 10​ ​റൗ​ണ്ടു​ക​ൾ​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ​ ​ഇ​രു​വ​ർ​ക്കും​ ​അ​ഞ്ചു​പോ​യി​ന്റ് ​വീ​ത​മാ​യി​രു​ന്നു. 11​-ാം​ ​റൗ​ണ്ടി​ൽ​ ​ഗു​കേ​ഷും​ 12​-ാം​ ​റൗ​ണ്ടി​ൽ​ ​ലി​റെ​നും​ ​വി​ജ​യം​ ​നേ​ടി​യ​തോ​ടെ​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​വീ​ണ്ടും​ ​സ​മ​നി​ല​ച്ചങ്ങ​ല​യി​ലാ​യി.13-ാം റൗണ്ട് മത്സരവും സമനിലയിൽ പിരിഞ്ഞെങ്കിലും അവസാന റൗണ്ടിൽ ഗുകേഷ് ലക്ഷ്യം നേടിയെടുത്തു. തെലങ്കാനയിൽ നിന്നുള്ള ഡോക്ടർ ദമ്പതികളുടെ മകനായി ചെന്നൈയിൽ ജനിച്ചുവളർന്ന ഗുകേഷ് ഏഴാം വയസിലാണ് ചെസ് കളിക്കാൻ പഠിച്ചത്. 12-ാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി വിസ്മയം സൃഷ്ടിച്ചു.

സാക്ഷാൽ വിശ്വനാഥൻ ആനന്ദിന്റെ ചെന്നൈയിലെ വെസ്റ്റ്ബ്രിജ് ആനന്ദ് -ആനന്ദ് അക്കാഡമിയിലൂടെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന താരമായി. 2022-ലെ ചെസ് ഒളിമ്പ്യാഡിൽ ടീം വെങ്കലവും ഫസ്റ്റ് ബോർഡിൽ സ്വർണവും നേടി. ഈ വർഷത്തെ ഒളിമ്പ്യാഡിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം. ഈ വർഷം ഏപ്രിലിൽ ന‌ടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ലോകത്തിലെ എണ്ണം പറഞ്ഞ ഗ്രാൻഡ് മാസ്റ്റർമാരെ കീഴടക്കിയാണ് നിലവിലെ ലോകചാമ്പ്യനെ നേരിടാനുള്ള ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റായി മാറിയത്. 1985- ൽ 22-ാം വയസിൽ ലോകകിരീടം ചൂടിയ ഗാരി കാസ്പറോവിന്റെ റെക്കാഡാണ് 18 വർഷവും ആറു മാസവും പ്രായമുള്ളപ്പോൾ ഗുകേഷ് തിരുത്തിയിരിക്കുന്നത്. 2006- ലാണ് ഗുകേഷിന്റെ ജനനം. അന്ന് ഡിംഗ് ലിറെന് 12 വയസ് . ഗുകേഷ് മൂന്നാം വയസിൽ ഓടിക്കളിക്കുമ്പോൾ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയതാണ് ലിറെൻ. നാല് ചെസ് ഒളിമ്പ്യാഡുകളിൽ ചൈനയെ പ്രതിനിധീകരിക്കുകയും രണ്ടുതവണ സ്വർണനേട്ടത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ലിറെൻ 2017 മുതൽ 2018 വരെയുള്ള കാലയളവിൽ തോൽവിയറിയാതെ 100 തുടർമത്സരങ്ങളാണ് കളിച്ചത്. 2023-ൽ നിപ്പോംനിയാഷിയെ ടൈബ്രേക്കറിൽ കീഴടക്കിയാണ് ലിറെൻ ലോക ചാമ്പ്യനായത്. ആ സിംഹാസനമാണ് ഗുകേഷ് പിടിച്ചെടുത്തത്.

ക​രു​ക്ക​ൾ​കൊ​ണ്ട് ​ക​ളം​ ​കീ​ഴ​ട​ക്കാ​ൻ​ ​കൊ​തി​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​യു​വ​ത​ല​മു​റ​യ്ക്ക് ​ഏ​റെ​ ​പ്ര​ചോ​ദ​നം​ ​പ​ക​രു​ന്ന​താ​ണ് ​ഗു​കേ​ഷി​ന്റെ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​പ​ദ​വി.​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ലി​ൽ​ ​ഡിം​ഗ് ​ലി​റെനെ​ ​എ​തി​രി​ടാ​നു​ള്ള​ ​കാ​ൻ​ഡി​ഡേ​റ്റാ​യി​ ​ഗു​കേ​ഷ് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​വോ​ട്ട​വ​കാ​ശം​ ​നേ​ടാ​ൻ​ ​പ്രാ​യ​മെ​ത്താ​ത്ത​ ​പ​യ്യ​നാ​യി​രു​ന്നു.​ ​ഗാ​രി​ ​കാ​സ്പ​റോ​വും​ ​അ​നാ​റ്റൊ​ലി​ ​കാ​ർ​പ്പോ​വും​ ​ബോ​ബി​ ​ഫി​ഷ​റു​മൊ​ന്നും​ ​‌​ ​ഈ​ ​പ്രാ​യ​ത്തി​ൽ​ ​എ​ത്തി​ച്ചേ​രാ​ത്ത​ത്ര​ ​ഉ​യ​ര​ത്തി​ലേ​ക്കാ​ണ് ​ഗു​കേ​ഷ് ​ത​ന്റെ​ ​പ​തി​നെ​ട്ടാം​ ​വ​യ​സി​ൽ​ ​എ​ത്തി​യി​രി​ക്കു​ന്ന​ത്. ചെറുപ്രായത്തിൽത്തന്നെ ഉള്ളിലുറച്ച ലക്ഷ്യബോധമാണ് ഗുകേഷിനെ ഈ ഉയരത്തിലെത്തിച്ചത്. 11-ാം വയസിൽ ഒരു അഭിമുഖത്തിൽ,​തന്റെ ഏറ്റവും വലിയ ആഗ്രഹം,​ പ്രായം കുറഞ്ഞ ലോക ചാമ്പ്യനാവുകയാണെന്ന് ഗുകേഷ് പറഞ്ഞിരുന്നു. 2013-ൽ ആനന്ദിനെ തോൽപ്പിച്ച് കാൾസൺ ലോകചാമ്പ്യനായപ്പോൾ ആ കിരീടം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് കുഞ്ഞുഗുകേഷ് ആഗ്രഹിച്ചു. അതിനൊപ്പം നിൽക്കാൻ സാക്ഷാൽ ആനന്ദ് തന്നെയുണ്ടായി!

ചെ​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ നേട്ടങ്ങളുടെ വ​ർ​ഷ​മാ​ണ് 2024.​ ഈ വർഷമാദ്യം കാ​ൻ​ഡി​ഡേ​റ്റ്സ് ​ടൂ​ർ​ണ​മെ​ന്റ് ​ജേ​താ​വാ​യ ​ഗു​കേ​ഷ് യുവതലമുറയ്ക്കൊപ്പം ​ചെ​സ് ​ഒ​ളി​മ്പ്യാ​ഡി​ലെ​ ​ഓ​പ്പ​ൺ,​ വ​നി​താ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​കി​രീ​ട​നേ​ട്ട​വും​ ​വ്യ​ക്തി​ഗ​ത​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​ചാ​മ്പ്യ​ൻ​ ​പ​ട്ട​ങ്ങ​ളും സ്വന്തമാക്കി.​ ​ഒ​ടു​വി​ൽ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ലോ​ക​ചാ​മ്പ്യ​നാ​യി​ത്തന്നെ ​ഗു​കേ​ഷി​ന്റെ​ ​പ​ട്ടാ​ഭി​ഷേ​കം.​ ​ഒ​രു​ ​വി​ശ്വ​നാ​ഥ​ൻ​ ​ആ​ന​ന്ദി​ന്റെ​ ​ച​രി​ത്ര​നേ​ട്ട​ങ്ങ​ളി​ൽ​ ​അ​ഭി​ര​മി​ച്ചി​രു​ന്ന​ ​ഇ​ന്ത്യ​ ​ഒ​രു​കൂ​ട്ടം​ ​മി​ക​ച്ച​ ​കൗ​മാ​ര​താ​ര​ങ്ങ​ളു​ടെ​ ​കൂ​ടാ​ര​മാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.​ ഈ നേട്ടത്തിൽ വിശ്വനാഥൻ ആനന്ദും അഭിനന്ദനം അർഹിക്കുന്നു. കാരണം. തനിക്കു ശേഷം പ്രളയം എന്ന് അദ്ദേഹം ചിന്തിച്ചില്ല. താൻ കടന്നുപോന്ന കിരീടവഴികളിലേക്ക് പിൻതലമുറയെ കൈപിടിച്ചു കയറ്റുകയെന്ന കടമ നിർവഹിക്കാൻ ആനന്ദ് മുന്നിൽ നിന്നതിന്റെ പരിണിതഫലമാണ് ഇന്ത്യയുടെ ഈ തിളക്കം.

റഷ്യയിൽ ചെറുപ്രായത്തിലേ ചെസ് പരിശീലനം നൽകുന്ന അക്കാഡമികളെ മാതൃകയാക്കിയാണ് ആനന്ദ് ഇന്ത്യയിൽ തന്റെ അക്കാഡമി ആരംഭിച്ചത്. പ്രഗ്നാനന്ദയെയും ഗുകേഷിനെയുമൊക്കെ കൈപിടിച്ചുയർത്തിയത് ആനന്ദാണ്. വിദേശപരിശീലനത്തിന് വൻതുക ചെലവുവരുന്ന ചെസിൽ ആനന്ദിന്റെ പിൻബലംകൊണ്ടാണ് പല യുവതാരങ്ങൾക്കും സ്പോൺസർഷിപ്പുകൾ ലഭിച്ചത്. ചെ​സി​ൽ​ ​ആ​ന​ന്ദ് ​ഏ​ന്തി​യ​ ​ദീ​പം​ ​പ​ക​ർ​ന്നു​പി​ടി​ക്കു​ന്ന​ ​കു​ഞ്ഞി​ക്കൈ​ക​ളൊ​ക്കെ​ ​ബ​ലി​ഷ്ഠ​മാ​യി​ ​മാ​റി​യി​രി​ക്കു​ന്നു. അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ഗുകേഷിനെ എതിരിടാനുള്ള കാൻഡിഡേറ്റിനെ ഇന്ത്യയിൽ നിന്നുതന്നെ കണ്ടെത്താമെന്ന രീതിയിൽ നമ്മുടെ യുവതലമുറ വ ളർന്നിട്ടുണ്ട്. പ്രഗ്നാനന്ദയും അർജുൻ എരിഗേയ്സിയും മലയാളി ഗ്രാൻഡ്മാസ്റ്റർമാരായ എസ്.എൽ. നാരായണനും നിഹാൽ സരിനുമൊക്കെ ഒരുനാൾ ലോകചാമ്പ്യനാകാനുള്ള ഇച്ഛാശക്തിയുമായി കരുക്കൾ നീക്കുന്നവരാണ്. ലോകചാമ്പ്യൻ പട്ടം നേടിയ ഗുകേഷിന് സമ്മാനത്തുകയായി ലഭിക്കുന്നത് 11.45 കോടി രൂപയാണ്. ആഗോള സ്പോൺസർഷിപ്പുകളുടെ കോടിക്കിലുക്കം വേറെ. കഴിഞ്ഞ 18 ദിനങ്ങളിൽ ലോകം മുഴുവനുമുള്ള ചെസ് ആരാധകരും മാദ്ധ്യമങ്ങളും ഈ 18-കാരനു നൽകിയ ശ്രദ്ധയും വലുതാണ്.

ലോകചാമ്പ്യനാകുന്നതിനേക്കാൾ മനസ്സാന്നിദ്ധ്യം ആവശ്യമുള്ളതാണ് ഈ ഔന്നത്യത്തെ ഉൾക്കൊണ്ട് മുന്നോട്ടുപോവുകയെന്നത്. കഴിഞ്ഞ തവണ ലോകചാമ്പ്യനായ ശേഷം ആ സമ്മർദ്ദം താങ്ങാനാകാതെ വിഷാദാവസ്ഥയിലേക്കു പോകേണ്ടിവന്ന ഡിംഗ് ലിറെന്റെ ഉദാഹരണം ഗുകേഷിനു മുന്നിലുണ്ട്. യൗവനത്തിലേക്ക് കാലൂന്നുന്നതിനു മുന്നേ തേടിയെത്തിയ ലോകചാമ്പ്യൻ പട്ടം ഒരു ഭാരമായി മാറാതിരിക്കാനാണ് ഗുകേഷ് ശ്രദ്ധിക്കേണ്ടത്. ചെസ് ബോർഡിലേക്ക് കൂടുതൽ കുരുന്നുകളെ കൈപിടിച്ചുകയറ്റാൻ ഗുകേഷിന്റെ ഈ കിരീടനേട്ടം പ്രചോദനമാകട്ടെ. ചെസിനെ പിന്തുണയ്ക്കുന്ന തമിഴ്നാട് സർക്കാരിന്റെ നിലപാടുകൾ ചെന്നൈ കേന്ദ്രീകരിച്ചു വളരാൻ താരങ്ങളെ പ്രേരിപ്പിക്കുന്നു. കേരളത്തിലും നിരവധി ചെസ് പ്രതിഭകളുണ്ട്. അധികാരത്തർക്കത്തിന്റെ പേരിൽ വിഘടിച്ചു നിൽക്കുന്ന അസോസിയേഷൻ കളികളിൽ കേരളത്തിലെ കളിക്കാരുടെ ഭാവി കൂമ്പടഞ്ഞുപോകരുത്. സ്കൂളുകളിലും വായനശാലകളിലും നഗരകേന്ദ്രങ്ങളിലും ചെസ് കളിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന്റെ അനുഭാവപൂർണമായ നിലപാ‌ടുണ്ടാവുകയും വേണം.