'കേസ് പിൻവലിക്കാൻ തയ്യാർ, തിക്കിലും തിരക്കിലും പെട്ട് ഭാര്യ മരിച്ചതിൽ അല്ലു അർജുന് ഒരു ബന്ധവുമില്ല', പ്രതികരിച്ച് മരിച്ച യുവതിയുടെ ഭർത്താവ്
ഹൈദരാബാദ്: ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിൽ അല്ലു അർജുന് ഒരു ബന്ധവുമില്ലെന്ന് പുഷ്‌പ-2 റിലീസിനിടെ തിരക്കിൽ മരിച്ച യുവതി രേവതിയുടെ ഭർത്താവ് ഭാസ്‌കർ. 'കേസ് പിൻവലിക്കാൻ തയ്യാറാണ്, അറസ്റ്റിനെ കുറിച്ച് അറിയില്ല. എന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിൽ അല്ലു അർജുന് ബന്ധമില്ല' ഭാസ്‌കർ വ്യക്തമാക്കി.
കേസിൽ അല്ലുവിനെ 14 ദിവസത്തേക്ക് കീഴ്‌ക്കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് നടൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് പ്രതി ചേർക്കപ്പെട്ട അല്ലുവിന് കോടതി ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘം അല്ലുവിന്റെ വസതിയായ ജൂബിലി ഹിൽസിൽ എത്തി അറസ്റ്റ് ചെയ്തത്. നടനെതിരെ സെക്ഷൻ 118(1),സെക്ഷൻ 3(5) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു.അറസ്റ്റ് നടക്കുന്ന സമയത്ത് അല്ലുവിന്റെ ഭാര്യയും,പിതാവ് അല്ലു അരവിന്ദും ഉണ്ടായിരുന്നു.
പുഷ്പയുടെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലുവിനു ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ വാദിച്ചത്. അതേസമയം, ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും, അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമായിരുന്നു അല്ലു അർജുന്റെ അഭിഭാഷകർ വാദിച്ചത്.