സ്പെഷ്യൽ ക്രിസ്‌മസുമായി യുക്തി തരേജ
ഇക്കുറി ക്രിസ്മസ് യുക്തി തരേജയ്ക്ക് പ്രത്യേകത നിറഞ്ഞതാണ്. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരികയാണ് ബോളിവുഡ് താരം യുക്തി തരേജ. ഡിസംബർ 20ന് മാർക്കോ തിയേറ്ററിൽ എത്തും. മോഡലിംഗ് രംഗത്ത് നിന്നാണ് യുക്തിയുടെ വരവ്. നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായ യുക്തിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ്. മലയാളത്തിൽ അഭിനയിക്കാൻ താൻ കാത്തിരിക്കുകയായിരുന്നുവെന്ന് യുക്തി വ്യക്തമാക്കി. ഹിന്ദിയിലും കന്നടയിലും തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ച താരം മലയാളത്തിൽനിന്ന് നിരവധി അവസരങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ്. രംഗബലി, കെജെ ക്യൂ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് യുക്തി തരേജ ശ്രദ്ധ നേടുന്നത്. ടി സീരീസിലൂടെ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്‌മിക്ക് ഒപ്പമുള്ള ലുട്ട് ഗയോ എന്ന ഗാനം ട്രെൻഡിംഗിൽ ഇടം പിടിച്ചു. അതേസമയം ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ മലയാളത്തിൽ ഏറ്റവും മാസ്സീവ് വയലൻസ് ചിത്രമായാണ് ഒരുങ്ങുന്നത്. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സാണ് ആക്ഷൻ കൊറിയോഗ്രാഫർ. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.
മിഖായേൽ സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം മാർക്കോ ജൂനിയറിനെ ഫോക്കസ് ചെയ്ത് ഒരുങ്ങുന്ന സ്പിൻ ഒാഫാണിത്. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മാണം.