പ്രളയവും ഉരുൾപൊട്ടലും ,​ ദുരന്തകാലത്ത് എയർലിഫ്ടിംഗിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

Friday 13 December 2024 8:35 PM IST

തിരുവനന്തപുരം : പ്രളയവും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ എയർ ലിഫ്ടിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 2019ലെ രണ്ടാം പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്. ഈ വകയിൽ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടൻ നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിൽ നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2019ലെ പ്രളയത്തിലും വയനാട് ഉരുൾപൊട്ടലിലും വ്യോമസേന എയർ ലിഫ്ടിംഗ് സേവനം നൽകിയിരുന്നു. എസി.ഡി.ആർ,​എഫിന്റെ നീക്കിയിരിപ്പിൽ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്. വയനാട് ദുരന്തത്തിൽ നിരവധി പേരെ സൈന്യം എയർ ലിഫ്ടിംഗ് വഴി പുറത്തെത്തിച്ചിരുന്നു. ആദ്യദിനം വ്യോമസേന നടത്തിയ സേവനത്തിന് 8,​91,​23,​500 രൂപ നൽകണമെന്നാണ് കണക്ക് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ വയനാട്ടിൽ നടത്തിയ സേവനത്തിന് ആകെ 69,​65,​46,​417 രൂപ നൽകണം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹായം നൽകുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.