ചന്ദ്രയാൻ- 2 ഇന്ന് ചന്ദ്രന്റെ ആകർഷണ വലയം തൊടും

Monday 19 August 2019 10:54 PM IST

തിരുവനന്തപുരം: ചന്ദ്രയാൻ-2 പേടകം ഇന്ന് നിർണായകമായ മറ്റൊരു കടമ്പ കൂടി കടന്ന് ചന്ദ്രനിലേക്ക് കുറേക്കൂടി അടുക്കും. ഭൂമിയുടെ ഭ്രമണപഥം വിട്ട്, അഞ്ചു ദിവസമായി ചാന്ദ്രവലയത്തിലേക്കു നീങ്ങുന്ന ചന്ദ്രയാൻ ഇന്നു രാവിലെ വേഗം കുറച്ച് ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കും.

രാവിലെ 9.30-നാണ് വലയപ്രവേശം. ചന്ദ്രന്റെ ആകർഷണ പരിധി 65,000 കി. മീറ്റർ. പേടകം ഇതിനടുത്ത് എത്തുന്നതോടെ ദ്രവ എൻജിൻ ജ്വലിപ്പിച്ച് മോട്ടോർ വിപരീതദിശയിൽ ചലിപ്പിക്കും. വേഗം കുറഞ്ഞ്, പതുക്കെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്കു കടക്കുന്ന പേടകം അതിനെ ഭ്രമണം ചെയ്തു തുടങ്ങും. നാളെ വീണ്ടും എൻജിൻ ജ്വലിപ്പിച്ച് ഭ്രമണപഥം ശരിയാക്കും.

ഇങ്ങനെ 28,30,സെപ്തംബർ ഒന്ന് തീയതികളിലും എൻജിൻ ജ്വലിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുക. സെപ്തംബർ എഴിനു പുലർച്ചെ 1.30 നും 2.30-നും ഇടയ്‌ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റർ അടുത്തെത്തും. പിന്നീടാണ് പേടകത്തിൽ നിന്ന് പുറത്തേക്കു വരുന്ന ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ജൂലായ് 22 ന് യാത്ര തുടങ്ങിയ പേടകം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക.