'ജീവിതത്തിൽ ഒരാൾ കൂട്ട് വേണമെന്ന് ഇപ്പോൾ തോന്നുന്നു', വെളിപ്പെടുത്തി നടി നിഷ സാരംഗ്

Friday 13 December 2024 10:26 PM IST

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി നിഷ സാരംഗ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സീരിയലില്‍ നടി അവതരിപ്പിച്ച നീലു എന്ന കഥാപാത്രമാണ് അവര്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തതും. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് മുമ്പ് നടി തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹവും ആ ജീവിതം പരാജയപ്പെട്ടതിനുള്ള കാരണവും വരെ അവര്‍ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ നിഷയുടെ മറ്റൊരു വെളിപ്പെടുത്തലാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. രണ്ടാമത് ഒരു വിവാഹം വേണ്ടെന്ന മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമാണ് നടിക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന ആഗ്രഹമുണ്ടെന്ന കാര്യമാണ് നിഷ പങ്കുവയ്ക്കുന്നത്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിഷ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

ആദ്യ ബന്ധം വേര്‍പിരിയുകയും മക്കള്‍ വലുതാകുകയും ചെയ്‌തെങ്കിലും രണ്ടാമത് ഒരു വിവാഹം ഉണ്ടാകില്ലെന്നാണ് അവര്‍ മുമ്പ് പറഞ്ഞിരുന്നത്. 'ജീവിതത്തില്‍ ഒരാള്‍ കൂടി വേണമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ വലുതായി കഴിയുമ്പോള്‍ അവര്‍ നമ്മുടെ കാറ്റഗറിയല്ല, നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസിലാകണമെന്നില്ല, അവര്‍ അംഗീകരിക്കണമെന്നില്ല, അപ്പോള്‍ നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും.

ഇന്‍ഡസ്ട്രിയില്‍ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാന്‍. അത്രയും തിരക്കിനിടയില്‍ എന്റെ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു സുഹൃത്തോ പങ്കാളിയോ ആവശ്യമാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസില്‍ എന്നെ എനിക്ക് ഹാപ്പിയാക്കി നിര്‍ത്തിയാല്‍ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാന്‍ പറ്റൂ. അപ്പോ ഞാന്‍ എന്നെ നോക്കുകയല്ലേ വേണ്ടത്'- നിഷ സാരംഗ് അഭിമുഖത്തില്‍ പറഞ്ഞു.