പാറശാല ഷാരോൺ വധം; ഗ്രീഷ്മയ്ക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ
നെയ്യാറ്റിൻകര: പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി.കാപ്പിക് എന്ന കളനാശിനി കഷായത്തിൽ ചേർത്ത് ഷാരോണിനെ കുടിപ്പിച്ചതിന് മൂന്ന് മണിക്കൂർ മുൻപ്, വിഷത്തിന്റെ പ്രവർത്തനരീതി ഒന്നാം പ്രതി വിക്കി പീഡിയയിലൂടെ പഠിച്ചതിനുള്ള ശാസ്ത്രീയ തെളിവാണ് പ്രോസിക്യൂഷൻ നിരത്തിയത്.
നെയ്യാറ്റിൻകര സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിൽ തിരുവനന്തപുരം ഫോറൻസിക് ലാബ് അസിസ്റ്റന്റ് ഡയറക്ടർ എ.എസ്.ദീപയാണ് തുറന്ന കോടതിയിൽ ഡിജിറ്റൽ രേഖകൾ സ്ക്രീനിൽ പ്രദർശിപ്പിച്ച് തെളിവ് നൽകിയത്. ജ്യൂസ് ചലഞ്ചിലൂടെ അമിത അളവിൽ പാരസെറ്റമോൾ കൊടുത്തതിന്റെ അന്നും ഇത്തരത്തിൽ ഇന്റർനെറ്റിലൂടെ പ്രവർത്തനരീതി ഗ്രീഷ്മ മനസിലാക്കിയിരുന്നു.
സംഭവദിവസം ഗ്രീഷ്മയുടെ വീട്ടിലേക്ക് സുഹൃത്ത് റെജിനുമായി ഷാരോൺരാജ് ബൈക്കിൽ പോയതും വന്നതുമായ ദൃശ്യങ്ങളും, ഗ്രീഷ്മയുൾപ്പെടെ ഉള്ളവരുടെ രൂപവും ഒന്നാണെന്നുള്ള തെളിവും സാക്ഷി പറഞ്ഞു.
2022 ഒക്ടോബർ 14ന് ഷാരോൺരാജിനെ വീട്ടിലേക്ക് ക്ഷണിക്കുന്നതും,സംഭവശേഷം സോറി പറയുന്നതും, മെഡിക്കൽഷോപ്പിൽ നിന്ന് ഗുളിക വാങ്ങി കഴിച്ച് ഛർദ്ദിൽ മാറ്റാൻ പറയുന്നതും, കഷായത്തിന് ശേഷം കൊടുത്ത ജ്യൂസിന്റെ കുഴപ്പമാണെന്ന് വോയ്സ് മെസേജിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതുമായ തെളിവുകൾ പ്ലേ ചെയ്തു രേഖപ്പെടുത്തി.
തൃപ്പരപ്പിലെ ഹോട്ടലിൽ താമസിക്കുന്നതിലേക്ക് ഗ്രീഷ്മയുടെ ഫോണിൽ നിന്ന് സെർച്ച് നടത്തിയതും തെളിഞ്ഞു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാറിന്റെ മുഖ്യ വിസ്താരത്തിലാണ് നിർണായക ഡിജിറ്റൽ തെളിവുകൾ കോടതി രേഖപ്പെടുത്തിയത് തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മലകുമാരൻ നായരും കൂട്ട് പ്രതികളാണ്.അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ജോൺസൺ തിങ്കളാഴ്ച തെളിവ് നൽകും.