കായംകുളത്തെ സി. പി. എം വിഭാഗീയത: പി. അരവിന്ദാക്ഷനെ മാറ്റി അബിൻഷാ ഏരിയാ സെക്രട്ടറി

Saturday 14 December 2024 1:58 AM IST

ആലപ്പുഴ: വിഭാഗീയത അതിരൂക്ഷമായ സി.പി.എം കായംകുളം ഏരിയാ കമ്മിറ്റിയിൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഏരിയാ കമ്മിറ്റിയിൽ നിന്നും പി. അരവിന്ദാക്ഷനെ നീക്കി. പുതിയ ഏരിയാ സെക്രട്ടറിയായി ബി.അബിൻഷായെ തിരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദേശമുണ്ടെങ്കിലും അരവിന്ദാക്ഷൻ സെക്രട്ടറി ആയ ശേഷം കഴിഞ്ഞ രണ്ടു ടേമുകളിലായി കായംകുളത്തു പാർട്ടിയിൽ വിഭാഗീയത കൊടി കുത്തി വാഴുകയും നഗരസഭാ ഭരണത്തിലും പാർട്ടിനേതൃ രംഗത്തും നിരവധി ആരോപണങ്ങൾ ഉയരുകയും ചെയ്തത് ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികൾ അരവിന്ദാക്ഷനെതിരെ ആയുധമാക്കി. ഒപ്പം, ഭാര്യ നേതൃത്വം നൽകുന്ന നഗരസഭയിലെ ഭരണ വീഴ്ചകളും വിമർശനങ്ങൾക്ക് വിധേയമായി. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയും പലസ്ഥലങ്ങളിലും പാർട്ടി മൂന്നാം സ്ഥാനത്തായതും അരവിന്ദാക്ഷനെതിരെ കടുത്ത വിമർശനങ്ങൾക്ക് കാരണമായി.നിലവിലുണ്ടായിരുന്ന ഏരിയാകമ്മിറ്റിയിൽ നിന്നും അഞ്ചുപേരെ ഒഴിവാക്കിയും ആറ് പേരെ പുതുതായി ഉൾപ്പെടുത്തിയുമാണ് 21 അംഗ ഏരിയാകമ്മറ്റിയെ തിരഞ്ഞെടുത്തത്.

ഔദ്യോഗിക പാനലിനെതിരെ ജെ.കെ നിസാം, മായ എന്നിവർ മത്സരത്തിന് തയ്യാറായെങ്കിലും മന്ത്രി സജി ചെറിയാന്റെയും ജില്ലാ സെക്രട്ടറി ആർ. നാസറിന്റെയും ഇടപെടലിനെ തുടർന്ന് മത്സരം ഒഴിവായി.ജില്ലാ കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കിയതോടെ കായംകുളത്തെ വിഭാഗീയതയ്ക്ക് ശമനമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും ഏരിയ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം ഉണ്ടായി.സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതായും , കഴിഞ്ഞ എട്ട് വർഷമായി പുറത്ത് നിറുത്തിയിരിക്കുന്ന ബി.ജയചന്ദ്രനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവന്ന് പത്തിയൂരിലെ നഷ്ടപ്രതാപം വീണ്ടെടുക്കണമെന്നും നിർദ്ദേശം ഉയർന്നു .