50 രൂപ നിരക്കിൽ പ്ലാസ്റ്റിക്ക് എടുക്കാൻ ഹരിതകർമ്മ സേന: ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം എം.സി.എഫിൽ കെട്ടിക്കിടക്കുന്നു

Saturday 14 December 2024 12:08 AM IST
കുടിവെള്ള കിണറിന് പരിസരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം

ചെറുതുരുത്തി: വീടുകളിൽ നിന്നും ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാസങ്ങളായി റോഡരികിലെ മിനി എം.സി.എഫിൽ കെട്ടിക്കിടക്കുന്നു. പാഞ്ഞാൾ പഞ്ചായത്തിലെ ശ്രീപുഷ്‌കരം 13 ആം വാർഡിലാണ് 50 രൂപ നിരക്കിൽ ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ദുർഗന്ധം വമിച്ച പ്ലാസ്റ്റിക്കുകൾ തെരുവുനായകൾ മറ്റും കടിച്ചുവലിച്ച് റോഡിലും പരിസര പ്രദേശങ്ങളിലും ഉപേക്ഷിച്ചിരിക്കുകയാണ്. സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പലതവണ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മിനി എം.സി.എഫ് സ്ഥിതി ചെയ്യുന്നതിന് സമീപം കുടിവെള്ള കിണർ ഉള്ളതിനാൽ നാട്ടുകാർ പകർച്ചവ്യാതി ഭീതിയിലാണ്. പ്രദേശത്ത് കൊതുക് ശല്യവും വൈറൽ പനിയും വ്യാപകമാണ്. ആരോഗ്യവകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ഇനിയും മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ മാലിന്യ ചാക്കുകളുമായി പഞ്ചായത്തിലെത്തി ഉപരോധിക്കുമെന്ന് നാട്ടുകാർ പറയുന്നു.

തെരുവുനായ ശല്യം രൂക്ഷം

വീടുകളിൽ നിന്നും സ്വരൂപിക്കുന്ന മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് മൂലം തെരുവുനായ ശല്യം രൂക്ഷമാകുന്നു. മാലിന്യങ്ങൾ തെരുവുനായകൾ മിനി എം.സി.എഫിൽനിന്ന് കടിച്ച് വലിച്ച് റോഡിൽ ഇടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുള്ളവരെ നായകൾ ആക്രമിക്കുന്നതും പതിവാണ്. കാട്ടുപന്നി ശല്യവും രൂക്ഷമാണ്.

പഞ്ചായത്തിനോടും ഹരിത കർമ്മ സേനാംഗങ്ങളോടും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടികൾ സ്വീകരിക്കുന്നില്ല. മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ഈ മാലിന്യങ്ങൾ പഞ്ചായത്തിനു മുൻപിൽ നക്ഷേപിക്കും.

കെ. കെ.ഫസലുദ്ദീൻ മുൻ വാർഡ് മെമ്പർ

പഞ്ചായത്തിൽ ഹരിത കർമ്മ സേന ഉപയോഗിക്കുന്ന വാഹനത്തിന്റെ ബാറ്ററി കേടുവന്നതിനാൽ വാഹനം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പുതിയ ബാറ്ററി വാങ്ങുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. ഒപ്പം മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു. എൻ.എം.ഷെരീഫ് പഞ്ചായത്ത് സെക്രട്ടറി