പാകിസ്ഥാൻ ഭീകരബന്ധം ഉപേക്ഷിച്ചാൽ അടുക്കാം: എസ്.ജയശങ്കർ
Saturday 14 December 2024 7:40 AM IST
ന്യൂഡൽഹി: ഭീകരതയെ പ്രോത്‌സാഹിപ്പിക്കാതിരുന്നാൽ പാകിസ്ഥാനുമായി നല്ല ബന്ധം സാദ്ധ്യമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ലോക്‌സഭയിൽ ബി.ജെ.പി എം.പി നവീൻ ജിൻഡാലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മറ്റേതൊരു അയൽരാജ്യത്തെയും പോലെ പാകിസ്ഥാനുമായും നല്ല ബന്ധം പുലർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഭീകരവാദികളുമായി ബന്ധമുള്ളിടത്തോളം അതു സാദ്ധ്യമല്ല. മാറ്റമുണ്ടെന്ന് തെളിയിക്കേണ്ടത് പാകിസ്ഥാനാണ്. അതു ചെയ്തില്ലെങ്കിൽ ബന്ധങ്ങളിൽ പ്രത്യാഘാതമുണ്ടാകും. പന്ത് അവരുടെ കോർട്ടിലാണ്. 2019ൽ പാകിസ്ഥാൻ എടുത്ത ചില തീരുമാനങ്ങൾ കാരണം വ്യാപാര ബന്ധങ്ങൾ താറുമാറായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയതിൽ പാകിസ്ഥാൻ പ്രതിഷേധിച്ചതിന് പിന്നാലെയാണ് വ്യാപാരബന്ധം വിച്ഛേദിക്കപ്പെട്ടത്.