'രേവതിയുടെ കുടുംബത്തിനൊപ്പമുണ്ട്, എല്ലാത്തിനും ക്ഷമ ചോദിക്കുന്നു', ജയിൽ മോചിതനായതിന് പിന്നാലെ അല്ലു അർജുൻ

Saturday 14 December 2024 10:03 AM IST

ഹൈദരാബാദ്: പുഷ്പ 2 സിനിമയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിൽ മോചിതനായതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടൻ അല്ലു അർജുൻ. വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് അല്ലു അർജുൻ പറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ നടൻ വൻ സുരക്ഷാസന്നാഹങ്ങളോടെ ബഞ്ജാര ഹിൽസിലെ വസതിയിലെത്തി. കാറിൽ നിന്ന് പുറത്തിറങ്ങിയതുശേഷം കാത്തുനിന്ന ആരാധകവൃന്ദത്തോട് സംസാരിക്കുകയായിരുന്നു താരം.

'വളരെ ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. എല്ലാത്തിനും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ കുടുംബത്തിന് (രേവതിയുടെ) ഒപ്പമുണ്ട്. ഇതിന് മുൻപ് ഇങ്ങനെ ഒന്നുണ്ടായിട്ടില്ല. എല്ലാതരത്തിലും കുടുംബത്തെ പിന്തുണയ്ക്കും. എല്ലാവരോടും നന്ദി പറയുന്നു. ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. എന്റെ കുടുംബത്തിന് ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയമാണിത്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങളുടെ സ്‌നേഹം ഒന്നുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്'- അല്ലു അർജുൻ വ്യക്തമാക്കി.

പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ അല്ലു അർജുൻ ഇന്നുരാവിലെയാണ് ജയിൽ മോചിതനായത്. ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെയാണ് നടൻ ജയിൽ മോചിതനായത്. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ചഞ്ചൽഗുഡ ജയിലിന്റെ പിൻഗേറ്റ് വഴിയാണ് താരം പുറത്തേക്ക് ഇറങ്ങിയത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. താരത്തിന് ഇന്നലെ തന്നെ ഇടക്കാലം ജാമ്യം ലഭിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്ന് ഉത്തരവിന്റെ പകർപ്പ് ലഭിച്ചിരുന്നില്ല.

ഡിസംബർ നാ​ലി​ന് ​രാ​ത്രി​ 11​ന് ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​സ​ന്ധ്യ​ ​തി​യേ​റ്റ​റി​ൽ​ ​ഉ​ണ്ടാ​യ​ ​ഉ​ന്ത​ലി​ലും​ ​ത​ള്ള​ലി​ലു​മാ​ണ് ​രേ​വ​തി​ ​(35​)​ ​മ​രി​ച്ച​ത്.​ ​മ​ക​ൻ​ ​ശ്രീ​തേ​ജ​ ​(ഒൻപത്​)​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​പ്രീ​മി​യ​ർ​ ​ഷോ​യ്ക്ക് അ​ല്ലു​ ​അ​ർ​ജു​നും​ ​കു​ടും​ബ​വും​ ​സി​നി​മാ​ ​സം​ഘ​വും​ ​എ​ത്തി​യ​തി​ന്​ ​പി​ന്നാ​ലെ​യാ​ണ് ​തി​ക്കും​തി​ര​ക്കും​ ​ഉ​ണ്ടാ​യ​ത്.