കനിമൊഴിയുടെ കേരളപരാമർശത്തിൽ 'ആക്ഷനുമായി' സുരേഷ് ഗോപി

Saturday 14 December 2024 10:59 AM IST

ന്യൂഡൽഹി: ഡിഎംകെ എംപി കനിമൊഴിയും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും തമ്മിലുള്ള പാർലമെന്റിൽ നിന്നുള്ള രംഗങ്ങൾ വൈറലാവുകയാണ്. തമിഴ്‌നാടിനെ കേന്ദ്രസർക്കാർ സാമ്പത്തിക ഉപരോധത്തിൽ വലയ്‌ക്കുകയാണെന്ന ആരോപണം സഭയിൽ നടത്തുന്നതിനിടെ കനിമൊഴി കേരളത്തെ കുറിച്ചും പരാമർശിച്ചു. തമിഴ്‌നാടിന്റെ അതേ അവസ്ഥ തന്നെയാണ് കേരളത്തിനെന്നുമായിരുന്നു കനിമൊഴിയുടെ പരാമർശം. ഇതുകേട്ടതും മറുവശത്ത് ഇരിക്കുകയായിരുന്ന സുരേഷ് ഗോപി കൈ മലർത്തി കാണിച്ചു. കനിമൊഴിയെ ഇത് പ്രകോപിപ്പിച്ചു.

''അതെ സാർ നിങ്ങൾ ഇപ്പോൾ രണ്ടു കൈയും മലർത്തി കാണിച്ചില്ലേ? ഇതുപോലെയാണ് കേന്ദ്രസർക്കാരും ഞങ്ങളെ നോക്കി കൈമലർത്തുന്നത്''കനിമൊഴി പ്രതികരിച്ചു. ഇതിനും സുരേഷ് ഗോപി പുഞ്ചിരിച്ചുകൊണ്ട് വീണ്ടും കൈമലർത്തി കാണിക്കുകയായിരുന്നു.

അതേസമയം, ലോക്സഭയിൽ ബി.ജെ.പിയെ കടന്നാക്രമിച്ച് വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി കന്നിപ്രസംഗം നടത്തി. പൗരൻമാർക്ക് നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ട ഭരണഘടനയുടെ സംരക്ഷണ കവചം തകർക്കാൻ പത്തു വർഷമായി ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.

സഭയിൽ പ്രധാനമന്ത്രി നെറ്റിയിൽ ഭരണഘടന വച്ച് വണങ്ങുന്നു. സംഭാലിലും ഹത്രസിലും മണിപ്പൂരിലും നീതിക്കുവേണ്ടിയുള്ള മുറവിളി ഉയരുമ്പോൾ നെറ്റിയിൽ ഒരു ചുളിവ് പോലുമില്ല. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യം നൽകുന്നത് ഭരണഘടനയാണെന്നും പ്രിയങ്ക പറഞ്ഞു.