എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിരീക്ഷണത്തിലെന്ന് ഡോക്‌ടർമാർ

Saturday 14 December 2024 11:20 AM IST

ന്യൂഡൽഹി: ബിജെപിയുടെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ അഡ്‌മിറ്റ് ചെയ‌്തത്. അദ്വാനിയുടെ ആരോഗ്യ നില നിലവിൽ ആശ്വാസകരമാണെന്ന് ഡോക്ടർമാർ പ്രതികരിച്ചു. ന്യൂറോളജി വിഭാഗം സീനിയർ സർജൻ ഡോ. വിനിത് സൂരിയുടെ നേതൃത്വത്തിലാണ് അദ്വാനിയുടെ ചികിത്സ പുരോഗമിക്കുന്നത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഈ വർഷം ആദ്യവും അദ്വാനിയെ അപ്പോളോയിൽ പ്രവേശിപ്പിച്ചിരുന്നു. 96 വയസുകാരനായ അദ്വാനി രാജ്യത്തിന്റെ ഏഴാമത്തെ ഉപപ്രധാനമന്ത്രിയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ അദ്വാനിക്ക് ഭാരതരത്നം സമ്മാനിച്ചിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്വാനിയുടെ വീട്ടിലെത്തിയാണ് ഭാരത രത്നം സമ്മാനിച്ചത്.

അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. ആഭ്യന്തര വകുപ്പടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1970 മുതൽ 2019 വരെയുള്ള കാലയളവിൽ പാർലമെന്റ് അംഗമായിരുന്നു. ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയും ലോക്സഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയും കൂടിയാണ് അദ്വാനി. 2009ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.