സുന്ദരിയായ, വിദ്യാഭ്യാസമുള്ള യുവതികളെ ഭാര്യയായി വാടകയ്ക്ക് എടുക്കാം, വളരെവേഗം പ്രചരിക്കുന്ന 'റെന്റൽ വൈഫ്' സൗകര്യം
ബാങ്കോക്ക്: ഗോസ്റ്റിംഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിംഗ്, സോംബീയിംഗ്, ഫ്രണ്ട്ഷിപ്പ് മാര്യേജ് എന്നിങ്ങനെ ബന്ധങ്ങൾ തന്നെ പലവിധത്തിലുള്ള കാലത്താണ് നാം ജീവിക്കുന്നത്. വിവാഹമോചിതർ വർദ്ധിക്കുന്നതും വിവാഹം തന്നെ വേണ്ടന്നുവയ്ക്കുന്നവരുടെ എണ്ണം കൂടുന്നതും നാം കാണുന്നു. ഇതിനിടെ ലോകപ്രശസ്തമായ ഒരു രാജ്യത്ത് മറ്റൊരു വിചിത്ര പ്രതിഭാസം കൂടി വളരെവേഗം പ്രചാരം നേടുകയാണ്. ടൂറിസത്തിന് വളരെ പ്രശസ്തി നേടിയ രാജ്യമായ തായ്‌ലൻഡിൽ 'വാടക ഭാര്യ' എന്ന സൗകര്യമാണ് ഏറെ പ്രചാരം നേടുന്നത്.
ഈ അസാധാരണ പ്രതിഭാസം തായ്‌ലൻഡിലെ അറിയപ്പെടുന്ന നഗരമായ പട്ടായയിലെ സാംസ്കാരിക ആചാരങ്ങളിൽ നിന്ന് ഉടലെടുത്തതാകാമെന്നാണ് വിലയിരുത്തൽ. 'ഭാര്യ വാടകയ്ക്ക്' അല്ലെങ്കിൽ 'ബ്ളാക്ക് പേൾ' എന്നറിയപ്പെടുന്ന ഈ പ്രവൃത്തിയിൽ ഒരു നിശ്ചിത കാലയളവിലേക്കായി സ്ത്രീകളെ പണംകൊടുത്ത് സ്വന്തമാക്കാം. ഇത്തരത്തിൽ വാടകയ്ക്ക് വാങ്ങിക്കപ്പെടുന്ന സ്ത്രീകൾ ഭാര്യയുടേതായ എല്ലാ കടമകളും നിർവഹിക്കും. പണ്ടുകാലങ്ങളിൽ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഈ രീതി ഇന്ന് തായ്‌ലൻഡിൽ ബിസിനസ് ആയി മാറുകയാണ്.
ലാ വെറിറ്റെ ഇമ്മാനുവേൽ പ്രസിദ്ധീകരിച്ച, 'തായ്‌ലൻഡ്‌സ് ടാബൂ, ദി റൈസ് ഒഫ് വൈഫ് റെന്റൽ ഇൻ മോഡേൺ സൊസൈറ്റി' എന്ന പുസ്‌കമാണ് തായ്‌ലൻഡിലെ പുതിയ ബിസിനസ് ലോകത്തിന്റെ ശ്രദ്ധയിൽ എത്തിച്ചത്. പുതിയ ബിസിനസ് തായ്‌ലൻസിലെ വലിയൊരു വിഭാഗം സ്ത്രീകൾക്ക് വരുമാനമാർഗം നൽകുന്നുവെന്ന് പുസ്‌തകത്തിൽ പറയുന്നു. പട്ടായയിൽ എത്തുന്ന ടൂറിസ്റ്റുകളാണ് കൂടുതലും സ്ത്രീകളെ ഭാര്യയായി വാടകയ്ക്ക് എടുക്കുന്നത്. ഇത്തരം പ്രവൃത്തികൾക്ക് നിയമസാധുതയില്ല. കുറച്ച് ദിവസത്തേയ്ക്ക് മുതൽ മാസത്തേയ്ക്കുള്ള ഹ്രസ്വകാല കരാറുകൾ മാത്രമാണ് ഇവയ്ക്കുള്ളത്.
ബാറുകളിലും നൈറ്റ് ക്ളബുകളിലുമാണ് വാടകയ്ക്ക് ഭാര്യയെ ലഭ്യമാകുന്ന സൗകര്യമുള്ളത്. വയസ്, സൗന്ദര്യം, വിദ്യാഭ്യാസം, കരാർ കാലാവധി എന്നിവ അനുസരിച്ചാണ് വാടക നിരക്ക് നിശ്ചയിക്കുന്നത്. 1,600 ഡോളർ മുതൽ 116,000 ഡോളർവരെയാണ് വാടക നിരക്ക്.