ഗുകേഷിനെ സാമ്പാറിനോട് ഉപമിച്ച് തലക്കെട്ട്; പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ജനങ്ങൾ

Saturday 14 December 2024 1:42 PM IST

ന്യൂഡൽഹി: ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസുയർത്തിപ്പിടിച്ചുകൊണ്ടാണ് ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. ചൈനീസ് താരവും മുൻ ചാമ്പ്യനുമായ ഡിംഗ് ലിറെനെ പരാജയപ്പെടുത്തിയതോടെ റെക്കോർഡ് വിജയമാണ് 18 വയസുകാരനായ ഗുകേഷ് നേടിയത്. അദ്ദേഹത്തിന്റെ വിജയം രാജ്യമാകെ ആഘോഷിക്കുമ്പോൾ 'ദി ഫ്രീ പ്രസ് ജേണൽ' എന്ന പത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ചൈനീസ് വിഭവമായ ചൗ മേയും സാമ്പാറും തലക്കെട്ടിൽ ഉൾപ്പെടുത്തിയാണ് ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ വാർത്ത പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ചൗമേയെ സാമ്പാർ പരാജയപ്പെടുത്തി' എന്നായിരുന്നു ആ തലക്കെട്ട്. ലോകത്തിലെ തന്നെ ഏറ്റവും മോശമായ തലക്കെട്ടാണിത് എന്നാണ് വിമർശനം ഉയരുന്നത്. ഗുകേഷിന്റെ തമിഴ്‌നാട് പാരമ്പര്യം മുൻനിർത്തിയാണ് പത്രം ഇത്തരത്തിലൊരു തലക്കെട്ട് തിരഞ്ഞെടുത്തത്.

ഈ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ധാരാളം മോശമായ കമന്റുകളാണ് ഈ വാർത്ത എഴുതിയ ലേഖകനെതിരെ വന്നുകൊണ്ടിരിക്കുന്നത്. 'ഇന്റേൺഷിപ്പ് ചെയ്യുന്നവരെയാണോ പ്രധാനപ്പെട്ട വാർത്തയുടെ തലക്കെട്ട് എഴുതാൻ ഏൽപ്പിക്കുന്നത്', 'വെറുപ്പാണ് തോന്നുന്നത്', 'വട മോമോസിനെ തകർത്തു എന്നാണോ അടുത്ത് ഉദ്ദേശിച്ചിരിക്കുന്ന തലക്കെട്ട്', തുടങ്ങി ധാരാളം കമന്റുകൾ വന്നിട്ടുണ്ട്. ഇതിനെ ഒരിക്കലും ക്രിയാത്മകമായ തലക്കെട്ടെന്ന് പറയാൻ സാധിക്കില്ലെന്നും ചിലർ കുറിച്ചു.