പുനഃസംഘടന കരയടുക്കാൻ നേരം കോൺഗ്രസിൽ ഗ്രൂപ്പ് കലാപം
തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനാ ചർച്ചകൾ ഒരുവിധം കരയ്ക്കടുക്കുമെന്ന് കരുതിയിരിക്കവെ, കോൺഗ്രസിൽ ഇതേച്ചൊല്ലി അസ്വസ്ഥതകളും ഉരണ്ടുകൂടിത്തുടങ്ങി. പുന:സംഘടനാ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീരൻ എം.പി
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തു നൽകി. നേതാക്കളിൽ വേറെയും പലർക്കും അതൃപ്തിയുള്ളതായാണ് വിവരം. മുല്ലപ്പള്ളിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിലെ കൂടിയാലോചനകളിൽ പുന:സംഘടനാ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ പ്രശ്നങ്ങൾ.
പുന:സംഘടന തീരുമാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ലെന്നും ചില നേതാക്കൾ മാത്രം കൂടിയിരുന്ന് കാര്യങ്ങൾ തീരുമാനിച്ച് നടപ്പാക്കുന്നു എന്നുമാണ് കത്തിൽ മുരളീധരന്റെ പ്രധാന പരാതി. ജനപ്രതിനിധികളായവരെ പാർട്ടിയുടെ തലപ്പത്തു നിറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തലുണ്ട്. അങ്ങനെയെങ്കിൽ നിങ്ങളുടെയൊക്കെ ഇഷ്ടത്തിനനുസരിച്ച് പുന:സംഘടന പൂർത്തിയാക്കിക്കൊള്ളൂ എന്ന ധ്വനിയുമുണ്ട്. നേരത്തേ ചില പേരുകൾ ഭാരവാഹിത്വത്തിനായി മുരളി നിർദ്ദേശിച്ചിരുന്നെങ്കിലും മുൻ അദ്ധ്യക്ഷൻ എന്ന നിലയിൽ ഇനിയാരെയും ഭാരവാഹികളായി നിർദ്ദേശിക്കുന്നില്ലെന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കി.
ജനപ്രതിനിധികളായവരെ പാർട്ടി പുന:സംഘടനയിലേക്കു കൂടി പരിഗണിക്കുന്നതും വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി വൈസ് പ്രസിഡന്റ് സ്ഥാനം പുന:സ്ഥാപിക്കുന്നതുമാണ് പാർട്ടിക്കുള്ളിൽ പ്രധാന തർക്കവിഷയമായിരുന്നത്. ഒരാൾക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ എ ഗ്രൂപ്പ് പിന്തുണച്ചപ്പോൾ പറ്റില്ലെന്ന് ഐ ഗ്രൂപ്പ് ഉറച്ചുനിന്നു. സ്ഥാനമാനങ്ങളില്ലാതെ നിൽക്കുന്ന കഴിവുള്ളവരെ പരിഗണിക്കുകയെന്നതായിരുന്നു മുല്ലപ്പള്ളിയുടെ സമീപനം. പക്ഷേ പുന:സംഘടന എത്രയും വേഗം തീർക്കുകയെന്ന ലക്ഷ്യത്തോടെ ഐ ഗ്രൂപ്പ് സമ്മർദ്ദത്തിന് നേതൃത്വം വഴങ്ങിയെന്നാണ് സൂചന.
ഇതോടെയാണ് മുരളീധരൻ ഇപ്പോൾ രംഗത്തുവന്നത്. വി.എം. സുധീരൻ അടക്കമുള്ളവർ നിർദ്ദേശിച്ച പേരുകൾ തഴയപ്പെട്ടാൽ അവരും പരസ്യമായി രംഗത്തെത്താം. ജംബോ കമ്മിറ്റി വേണ്ടെന്ന ധാരണയും നടക്കാൻ പോകുന്നില്ലെന്ന സൂചനകളാണ് ഉയരുന്നത്. താഴെത്തട്ടിലടക്കം ഏറെയും കരുണാകരന്റെ അനുയായികളാണെന്നിരിക്കെ, ലീഡർ പക്ഷത്തെ അവഗണിക്കുന്നുവെന്ന പരാതിയും മുരളിയുടെ പ്രതിഷേധത്തിനു കാരണമായതായി അറിയുന്നു.
വർക്കിംഗ് പ്രസിഡന്റുമാർക്കു പകരം വൈസ് പ്രസിഡന്റുമാർ മതിയോ എന്നതിൽ എ.ഐ.സി.സി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ധാരണയെങ്കിലും വർക്കിംഗ് പ്രസിഡന്റുമാരെ നീക്കുന്നതിനോട് ഐ ഗ്രൂപ്പിനടക്കം പലർക്കും യോജിപ്പില്ല. ഇപ്പോൾ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് വർക്കിംഗ് പ്രസിഡന്റുമാർ. എം.ഐ. ഷാനവാസിന്റെ ഒഴിവുണ്ട്. ഇതിലേക്ക് വി.ഡി. സതീശനെ നിർദ്ദേശിക്കാനാണ് ഐ ഗ്രൂപ്പ് നീക്കം. നാലാമതൊരു വർക്കിംഗ് പ്രസിഡന്റ് സ്ഥാനമുണ്ടാക്കി വനിതാ പ്രാതിനിദ്ധ്യമെന്ന നിലയിൽ ഷാനിമോൾ ഉസ്മാനെ നിയോഗിക്കാനും ആലോചനയുണ്ട്.
ഇതിപുറമേ അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, എ.പി. അനിൽകുമാർ എന്നീ ജനപ്രതിനിധികളെയും പുന:സംഘടനയിലേക്ക് നിർദ്ദേശിക്കാൻ ഐ ഗ്രൂപ്പ് ആലോചിക്കുന്നു. ജനപ്രതിനിധികളെ ആരെയും നിയോഗിക്കേണ്ടെന്ന നിലപാട് എ ഗ്രൂപ്പ് എടുത്തിട്ടുണ്ട്. പദവികളില്ലാതിരിക്കുന്ന മുൻ യൂത്ത് ഭാരവാഹികൾ, മഹിളാ, യൂത്ത് കോൺഗ്രസുകളുടെ നിലവിലെ കമ്മിറ്റികൾ നൽകിയ പട്ടിക എന്നിവയിൽ നിന്നെല്ലാം പേരുകളുൾപ്പെടുത്തി നീങ്ങുക നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്.