അപ്പുവിന് വേണം ഒരു വീട്...

Monday 19 August 2019 11:19 PM IST

ചങ്ങനാശേരി: പാതിവഴിയിൽ നിർമ്മാണം വീടിന്റെ നിർമ്മാണം നിലച്ചു...ജന്മനാ ചലനശേഷിയില്ലാത്ത മൂത്ത മകൻ അപ്പുവെന്ന ശ്രീഹരിയും മറ്റു രണ്ടു മക്കളുമായി എവിടെ താമസിക്കുമെന്ന് ധനീഷ്-അഞ്ജു ദമ്പതികൾക്ക് അറിയില്ല. ആറു വയസ്സുള്ള അപ്പുവിന് ജന്മനാ ചലനശേഷിയില്ല. ഹൈഡ്രോസെഫാലസ് എന്ന അസുഖത്തെതുടർന്നാണ് അവന്റെ കാലുകൾക്ക് ചലനശേഷി നഷ്ടമായത്. മൂവാറ്റുപുഴ, കുത്തുകുഴിയിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ എന്ന ചാരിറ്റബിൾ സംഘടനയാണ് അപ്പുവിന്റെ പഠനവും ഒപ്പം ഫിസിയോതെറാപ്പി ചികിത്സയും നടത്തുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ധനീഷിന്റെ വീടും വെള്ളത്തിലായി. പ്രതീക്ഷയിലെ സിസ്റ്റർമാരുടെ ഇടപെടലിന്റെ ഫലമായി ഒരുകൂട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ അപ്പുവിന് വീട് നിർമ്മിച്ചു നൽകാമെന്ന് ഏറ്റു. അതനുസരിച്ച് രണ്ട് മുറിയും അടുക്കളയും അടങ്ങുന്ന വീടിന്റെ പണി ആരംഭിച്ചു. എന്നാൽ മുൻവശത്തു തോടും പുറകുവശത്ത് പാടവും സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് അടിത്തറ കെട്ടി പില്ലർ വാർത്തപ്പോഴേക്കും രണ്ടര ലക്ഷം രൂപയോളം ചെലവായി. പിന്നീട് അരയാൾപൊക്കത്തിൽ ഭിത്തികെട്ടിയപ്പോഴേക്കും വിദ്യാർത്ഥികൂട്ടായ്മയുടെ കൈവശം പണം ഇല്ലാതായി. അതോടെ അപ്പുവിന്റെ വീടെന്ന സ്വപ്നവും അസ്തമിച്ചു. ഇപ്പോൾ പാതിപണിതീർത്ത വീടിന്റെ ബാക്കി പണി പൂർത്തീകരിക്കാനാവാതെ, ഒരു പ്ലാസ്റ്റിക് പടുതായ്ക്ക് കീഴിൽ അന്തിയുറങ്ങുകയാണ് അപ്പുവും കുടുംബവും. പന്തൽപണിക്കാരനായ ധനീഷിന്റെ ചെറിയവരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. പട്ടയമില്ലാത്ത ഭൂമിയായതിനാൽ ബാങ്കിൽ നിന്ന് ലോണെടുത്ത് വീടിന്റെ പണി പൂർത്തീകരിക്കാമെന്ന് വിചാരിച്ചാൽ അതിന് നിയമപരമായ തടസ്സങ്ങൾ വേറെയുണ്ട്.

വീട് പൂർത്തീകരിക്കാൻ, സർക്കാർ സംവിധാനമോ സന്നദ്ധസംഘടനകളോ ഫേസ്ബുക്ക് കൂട്ടായ്മകളോ വ്യക്തികളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.