അല്ലുവിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വൈരമോ കുടുംബ വൈരമോ?
ഹൈദരാബാദ്: അല്ലു അർജ്ജുന്റെ അറസ്റ്റ് രാഷ്ട്രീയ വിവാദമായി മാറുമ്പോൾ അതിന്റെ നേട്ടം ആർക്കെന്നറിയാൻ കുറച്ചു നാൾ കൂടി കഴിയണം. തെലങ്കാനയിലാണ് അറസ്റ്റ് നടന്നതെങ്കിലും ആന്ധ്രയിലും സമാന രോക്ഷമാണ് ആരാധകർക്കിടയിലുണ്ടായത്. സംസ്ഥാനം രണ്ടാണെങ്കിലും ഭാഷ കൊണ്ടും സിനിമ കൊണ്ടും ഒന്നാണ് തെലുങ്ക് മക്കൾ.
അല്ലു അറസ്റ്റിലായ ഉടൻ ബി.ജെ.പിയുടെ കേന്ദ്ര നേതാക്കൾ ഉൾപ്പെടെ സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തി. തെലങ്കാനയിലെ ബി.ആർ.എസും ആന്ധ്രയിലെ വൈ.എസ്.ആർ.സി.പിയും പ്രതിഷേധമുയർത്തി. അല്ലുവിന്റെ കുടുംബത്തിന് ബി.ജെ.പിയോട് പ്രത്യേക അനുഭാവമൊന്നുമില്ലെങ്കിലും ചില കേന്ദ്ര നേതാക്കളുമായി അടുപ്പമുണ്ട്. ബി.ആർ.എസിനോടാണ് കൂടുതൽ അടുപ്പം. ആന്ധ്രയിൽ വൈ.എസ്.ആർ.സി.പിയുമായും അടുപ്പമുണ്ട്.
യുവതി മരിച്ച സംഭവത്തിൽ അല്ലു 11-ാം പ്രതിയാണ്. അറസ്റ്റും മറ്റ് നടപടികളും സ്വാഭാവിക നിയമ നടപടിയാണെന്ന വാദം നിലനിൽക്കുമ്പോഴും അല്ലു, കൊനിഡേല കുടുംബങ്ങളുടെ അകൽച്ച കൂടി ചേർത്തുവായിക്കുകയാണ് തെലുങ്ക് ജനത.
അറസ്റ്റ് വിവരം അറിഞ്ഞ് ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തി. പിന്നാലെ അനുജനും ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും എത്തിയെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സ്ഥിരീകരണമില്ല.
എഴുത്തുകാരനായ കൊനിഡേല വെങ്കട് റാവുവിന്റെ മക്കളാണ് നടന്മാരായ ചിരഞ്ജീവിയും നാഗേന്ദ്ര ബാബുവും പവൻ കല്യാണും. നടനും എഴുത്തുകാരനുമായ അല്ലു രാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത്. അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദന്റെ സഹോദരിയാണ് സുരേഖ. ചിരഞ്ജീവി - സുരേഖ വിവാഹത്തോടെയാണ് ഇരു കുടുംബങ്ങളും അടുപ്പത്തിലായത്. ബന്ധുക്കളാണെങ്കിലും ഏറെ നാളായി അല്ലു അർജ്ജുനുമായി അകൽച്ചയിലാണ് പവൻ കല്യാൺ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നന്ദ്യാലയിലെ വൈ.എസ്.ആർ.സി.പി സ്ഥാനാർത്ഥി രവിചന്ദ്ര കിഷോർ റെഡ്ഢിക്ക് വേണ്ടി അല്ലു പ്രചാരണത്തിനെത്തിയിരുന്നു.
ടി.ഡി.പി-ജനസേന- ബി.ജെ.പി സഖ്യത്തിനെതിരെ അല്ലു എത്തിയത് പവൻ കല്യാണിനെ പ്രകോപിപ്പിച്ചു. നന്ദ്യാലയിൽ രവിചന്ദ്ര കിഷോർ ടി.ഡി.പി സ്ഥാനാർത്ഥിയായ എൻ.എം.ഫാറൂക്കിനോട് തോറ്റു. എതിർ ചേരിയിലാണെങ്കിലും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സൗഹൃദത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതൊക്കെ അല്ലുവിന് 'പണി' കിട്ടിയതിന് കാരണമാണെന്നും വ്യാഖ്യാനമുണ്ട്.