അല്ലുവിന് ജയിലിൽ പ്രത്യേക പരിഗണനയോ? കഴിക്കാനായി അധികൃതർ കൊടുത്ത ഭക്ഷണം ഇതാണ്

Sunday 15 December 2024 2:28 PM IST

ഹൈദരാബാദ്: പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ കഴിഞ്ഞ വെളളിയാഴ്ചയാണ് നടൻ അല്ലു അർജുൻ അറസ്​റ്റിലായത്. തുടർന്ന് നടൻ ജയിലിലാകുകയും മണിക്കൂറുകൾക്കകം ജാമ്യം ലഭിക്കുകയും ചെയ്തു. അറസ്​റ്റ് രേഖപ്പെടുത്തിയ ശേഷം അല്ലുവിനെ തെലങ്കാനയിലെ ചഞ്ചൽഗുഡ സെൻട്രൽ ജയിലിലേക്കാണ് മാ​റ്റിയത്. ജയിലിൽ കഴിയുന്നതിനിടെ അല്ലു കഴിച്ച ഭക്ഷണത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ.

ചോറും വെജി​റ്റബിൾ കറിയുമാണ് താരത്തിന് രാത്രി കഴിക്കാനായി കൊടുത്തത്. അല്ലു ജയിൽ അധികൃതരോട് പ്രത്യേകം സൗകര്യങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 'അല്ലു അർജുൻ ശാന്തമായാണ് പെരുമാറിയത്. സാധാരണ ജയിലിൽ വൈകുന്നേരം അഞ്ചരയ്ക്കാണ് ഭക്ഷണം നൽകുന്നത്. നടപടികൾ പൂർത്തിയാക്കി അല്ലു താമസിച്ചാണ് ജയിലിൽ എത്തിയത്. ഞങ്ങൾ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തു. കോടതി ഉത്തരവനുസരിച്ച് ഞങ്ങൾ അദ്ദേഹത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു. അങ്ങനെയുളളവർക്ക് പ്രത്യേകമായി കട്ടിലും,കസേരയും മേശയും നൽകാറുണ്ട്'- ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് അല്ലു ജയിൽ മോചിതനായത്. പിന്നാലെ താരം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നായിരുന്നു അല്ലു അർജുന്റെ പ്രതികരണം. മരിച്ച സ്ത്രീയുടെ കുടുംബത്തിനോടൊപ്പമാണെന്നും എല്ലാ തരത്തിലും അവരെ പിന്തുണയ്ക്കുമെന്നും നടൻ പറഞ്ഞു. ശേഷം വീട്ടിലെത്തിയ അല്ലുവിനെ കുടുംബാംഗങ്ങൾ ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്.