മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു, 39 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
മുംബയ് : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭ വികസിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം പൂർത്തിയായത്. നാഗ്‌പൂർ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത 39 മന്ത്രിമാരിൽ 19പേരും ബി.ജെ.പിയിൽ നിന്നുള്ളവരാണ്. 11 ശിവസേന എം.എൽ.എമാരും 9 എൻ,സി.പി എം.എൽ.എമാരും മന്ത്രിമാരായി. മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
ബവൻകുലെയ്ക്ക് പുറമേ രാധാകൃഷ്ണ വിഖെ പാട്ടീൽ, ആശിഷ് ഷെലാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ, ഗണേഷ് നായിക്, മംഗൾ പ്രതാപ് ലോധ, ജയ്കുമാർ റാവൽ, പങ്കജ മുണ്ടെ, അതുൽ സാവെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി മന്ത്രിമാർ. ശിവസേനയിൽനിന്ന് ദാദാ ഭൂസെ, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, ഗുലാബ്രാവു പാട്ടീൽ, ഉദയ് സാമന്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതാക്കളായ മണിക്റാവു കൊക്കാട്ടെ, ദത്താത്രയ് വിതോബ ഭാർനെ, ഹസൻ മുഷ്രിഫ്, അദിതി സുനിൽ തത്കരെ, ധനഞ്ജയ് മുണ്ടെ എന്നിവർ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു.