മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച

Tuesday 17 December 2024 3:21 AM IST

കഴക്കൂട്ടം : മംഗലപുരം മുല്ലശ്ശേരി ദേവസ്വം ബോർഡ് വക മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു.തെക്കേനടയിലെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്.മൂന്നു കാണിക്കവഞ്ചികളും സ്ഥിരമായി രാത്രിയിൽ ശ്രീകോവിലിലാണ് സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ 5 ന് മേൽ ശാന്തി ക്ഷേത്രം തുറന്ന് അകത്തു കയറിയപ്പോഴാണ് ശ്രീകോവിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.സമീപത്തെ കാണിക്കവഞ്ചികൾ പൂട്ട് തകർത്ത് പണം കവർന്ന നിലയിലും കണ്ടു.ഉപദേശക സമിതി ഓഫീസിലും വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറിയിട്ടുണ്ട്.മേശകൾ എല്ലാം തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മംഗലപുരം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.സമീപത്തെ നിത്യസഹായമാതാ കുരിശ്ശടിയിലെ കാണിക്കയും മോഷ്ടാക്കൾ തകർത്തിട്ടുണ്ട്.