കണ്ണീർപ്പാടങ്ങളിൽ കാലം തെറ്റി വീണ്ടും മഴ
ന്യൂനമർദ്ദത്തെ തുടർന്ന് പെട്ടെന്നുണ്ടായ മഴ വീണ്ടും കർഷകരെ കണ്ണീരിലാഴ്ത്തുകയാണ്. തൃശൂരിലെ കോൾമേഖലയാണ് മഴയിൽ നിറഞ്ഞത്. ഈ വർഷം വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. കൊയ്ത്ത് ഏകദേശം മാർച്ചിൽ പൂർത്തിയാകാറുണ്ടെങ്കിലും ഇത്തവണ കൊയ്ത്ത് ഏപ്രിൽ മാസം കടക്കും. എന്നാൽ ഏപ്രിൽ വേനൽച്ചൂട് ശക്തമാകുന്നതോടെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകുമെന്നതാണ് പ്രധാന പ്രതിസന്ധി. ഈയാണ്ടിലെ കൃഷിപ്പണി ആരംഭിച്ച സമയത്താണ് അപ്രതീക്ഷിതമായ മഴ കർഷകർക്ക് ഇടിത്തീയായത്. പുല്ലിന്റെ ആധിക്യം മൂലം പല പടവുകളും നടീലാണ് ചെയ്തത്. വിത്ത്, വളം, ഇത്തിൾ എന്നിവയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്നതിനിടെ പല പ്രതിസന്ധികളേയും മറികടന്നാണ് പടവുകളിൽ നടീൽ നടന്നത്. മഴയിൽ നെൽച്ചെടികൾ പൂർണമായും മുങ്ങിയ നിലയിലായിരുന്നു. ഞാറ്റടികൾ ചീഞ്ഞു. മോട്ടോറുകൾ നിരന്തരം പ്രവർത്തിച്ചിട്ടും പടവുകളിലെ വെള്ളം ഇറങ്ങിപോയിരുന്നില്ല. പുറംകനാലിൽ വെള്ളം വളരെ കൂടി നിൽക്കുന്ന സാഹചര്യമായതിനാലാണ് വെള്ളം കുറയാതിരുന്നത്. നെൽച്ചെടികൾ വേരുറച്ചാൽ തന്നെ വളം, ഇത്തിൾ, മറ്റും കൂടുതൽ ഇട്ട് കരുത്താക്കേണ്ടിവരും. വിത്തും ഇത്തിളും കിട്ടാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. യൂറിയയും കിട്ടാനില്ല. കൃഷി ഇനിയും വൈകിയാൽ കഴിഞ്ഞവർഷത്തെ ദുരനുഭവം ഉണ്ടാകും. ചൂട് കൂടുന്ന സാഹചര്യത്തിൽ ഒരു മണി നെല്ലും കൊയ്‌തെടുക്കാൻ പറ്റാത്ത സാഹചര്യമാകുമെന്നും ആശങ്കയുണ്ട്.
നഷ്ടപരിഹാരം എന്ന് ?
കഴിഞ്ഞവർഷം കൃഷിനാശം സംഭവിച്ചെങ്കിലും നഷ്ടപരിഹാരം ഇതുവരെ കിട്ടിയില്ല. ഈയാണ്ടിലും നഷ്ടപരിഹാരം കിട്ടുമെന്ന് കർഷകർക്ക് പ്രതീക്ഷയുമില്ല. വിത്തെങ്കിലും കിട്ടിയാൽ ആശ്വാസമാകുമെന്നാണ് കർഷകർ പറയുന്നത്. കഷ്ടപ്പെട്ട് കൃഷിയിറക്കിയാലും നെല്ലിന്റെ വിലയിൽ യാതൊരു വർദ്ധനവും വരുത്തിയിട്ടില്ല. എത്രയുംവേഗം കൃഷി പൂർത്തീകരിച്ചാൽ മാത്രമാണ് കർഷകന് മിച്ചം ലഭിക്കുകയുള്ളൂ. തൃശൂരിൽ രണ്ട് ദിവസം പെയ്ത മഴയിൽ മുങ്ങിയത് 350 ഏക്കറാണ്. കൃഷി, റവന്യൂ മന്ത്രിമാർക്കും എം.പിക്കും എം.എൽ.എയ്ക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടുണ്ടെന്നും നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കോൾ കർഷക സംഘം പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥൻ പറയുന്നു.
കൂടിയ ചൂടും ഉഷ്ണതരംഗവും മൂലമുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരവും സപ്ലൈകോയിൽ നിന്നുള്ള നെൽവിലയും മുടങ്ങിയ ഉത്പാദന ബോണസും കിട്ടാതെ ഭൂരിഭാഗം കോൾക്കർഷകരും നെട്ടോട്ടത്തിലായിരുന്നു. നഷ്ടപരിഹാരത്തിനായി അപേക്ഷ കൊടുത്തെങ്കിലും ഇതുവരെയായിട്ടും ഭൂരിഭാഗം പേർക്കും പണം ലഭിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച് കൃഷി ചെയ്തുണ്ടാക്കിയ നെല്ല് സിവിൽ സപ്ലൈയ്ക്ക് കൊടുത്തവരിൽ പലർക്കും നെൽവില ലഭിച്ചിട്ടില്ല. ഉത്പാദന ബോണസ് കോർപ്പറേഷൻ പരിധിയിലല്ലാത്ത എല്ലാ കർഷകർക്കും ലഭിക്കുന്നുണ്ട്. കോർപ്പറേഷൻ പരിധിയിലെ കർഷകർക്ക് 13 വർഷത്തോളമായി ബോണസ് ലഭിച്ചിട്ടില്ല. പലതവണ കൃഷി വകുപ്പിലും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ആയിരക്കണക്കിന് രൂപ ചെലവാക്കി മിക്ക കർഷകരും പാടത്ത് വളമിടുകയും മരുന്നടിക്കുകയും ചെയ്തതിന് പിന്നാലെയാണ് വെള്ളം കയറിയത് എന്നതിനാൽ വലിയ നഷ്ടം കർഷകർക്ക് ഉണ്ടായി. പടവുകളിലെ മോട്ടറുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കുവാനുള്ള കഠിനശ്രമത്തിലായിരുന്നു കർഷകരും പടവ് കമ്മിറ്റികളും. പമ്പ് ചെയ്യുന്ന വെള്ളം തിരിച്ച് പാടശേഖരത്തിലേക്ക് തന്നെ വരുന്ന അവസ്ഥയിലായിരുന്നു.
റോഡ് ഉപരോധിച്ച് കർഷകർ
മനക്കൊടി വാരിയം പടവിലെ കൃഷി വെള്ളത്തിൽ മുങ്ങിയത് നിരവധി കർഷകരെയാണ് കണ്ണീരിലാഴ്ത്തിയത്. കൃഷി നശിക്കുന്നത് ഒഴിവാക്കാൻ റോഡ് ഒരു മീറ്റർ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കർഷകർ രാവിലെ മനക്കൊടി –പുള്ള് റോഡ് ഉപരോധിച്ചിരുന്നു. ഇനി വേനൽമഴ ശക്തമായി പെയ്താൽ അത് വലിയ തിരിച്ചടിയാകും. നഗരമാലിന്യങ്ങളെല്ലാം പാടങ്ങളിൽ നിറയുന്ന അവസ്ഥയുണ്ട്. ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളും ഖരമാലിന്യങ്ങളും ആശുപത്രി വേസ്റ്റും പഴയ കിടക്കകളുമെല്ലാമാണ് പാടങ്ങളിലെത്തുന്നത്. ഇതെല്ലാം മാറ്റുന്നതിന് കർഷകർ പതിനായിരങ്ങൾ ചെലവഴിക്കണം.
കഴിഞ്ഞവർഷം ചണ്ടി, കുളവാഴ, കരവേലി എന്നിവ നിറഞ്ഞ് വെള്ളം ഒഴുകപ്പോകാത്ത സ്ഥിതിയായിരുന്നു. നാല് തവണ ഇറിഗേഷൻ ഓഫീസിൽ ധർണ നടത്തിയാണ് കൃഷിയിറക്കിയത്. മാർച്ച്, ഏപ്രിൽ മാസത്തിൽ കൃഷി വൈകി. അതോടെ നെല്ലുത്പാദനവും കുറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ചാലുകൾ കിളച്ചതിനാൽ മണ്ണിന്റെ അസിഡിറ്റിയും കൂടി. ഇതാണ് കഴിഞ്ഞ സീസണിൽ വിളവുകുറയാനുണ്ടായ ഒരു കാരണമെന്നായിരുന്നു വിലയിരുത്തൽ.
പമ്പിംഗ് സബ്‌സിഡി അതത് സമയം ലഭ്യമാക്കണമെന്നും അസിഡിറ്റി കുറയ്ക്കാൻ നീറ്റുകക്കയുടെ ലഭ്യത കൂട്ടണമെന്നുമെല്ലാം മാസങ്ങളായി കർഷകരുടെ ആവശ്യമാണ്. സാമ്പത്തികപ്രയാസം കൂടിവരുമ്പോൾ കർഷകരെ കൈപിടിച്ചുയർത്തേണ്ടത് സർക്കാരിന്റെ കടമയാണ്. കർഷകരുടെ നീറുന്ന പ്രശ്‌നങ്ങളിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥർക്കും അപേക്ഷകൾ നൽകിയിട്ടും നടപടികളായില്ലെന്ന് കർഷകർ ആവർത്തിച്ചു പറയുമ്പോൾ അത് ഇനിയും കേട്ടില്ലെങ്കിൽ പ്രത്യാഘാതം കടുത്തതാകും. കാരണം കാർഷികഉത്പാദനത്തെ ഓരോ വർഷം തോറും പ്രകൃതിദുരന്തങ്ങൾ തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളെ ഇനിയും അമിതമായി ആശ്രയിക്കേണ്ടി വന്നാൽ അത് സൃഷ്ടിക്കുന്ന സാമ്പത്തികദുരന്തവും വലുതാകും.