ശബരി പാത ഇനിയും സ്വപ്നത്തിൽ മാത്രം
കേരളത്തിന്റെ സാമ്പത്തിക വികസനത്തിനും മലയോര മേഖലയുടെ പുരോഗതിക്കും സഹായിക്കുന്ന ശബരി റെയിൽപ്പാതയുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും സമാന്തര നിലപാടുകളുമായി മുന്നോട്ടുപോവുകയാണ്. കൂട്ടിയോജിപ്പിക്കാനാകാത്ത വിധം ഭിന്ന സമീപനവുമായി ഇങ്ങനെ മുന്നോട്ടു നീങ്ങിയാൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ. രണ്ടു പതിറ്റാണ്ടിലേറെയായി ജനങ്ങളിൽ പ്രതീക്ഷ വളർത്തിക്കൊണ്ടിരിക്കുന്ന പദ്ധതിയായിട്ടും നിർമ്മാണം നടന്നുകഴിഞ്ഞ ആദ്യത്തെ ഏഴു കിലോമീറ്ററിനപ്പുറത്തേക്ക് അത് നീട്ടിക്കൊണ്ടുപോകാൻ കഴിയാത്തത് കഷ്ടം തന്നെയാണ്. അങ്കമാലിയിൽ നിന്ന് എരുമേലി വരെ നീളുന്ന ഇരട്ടപ്പാത വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ ഇരട്ടപ്പാത എന്ന ആശയത്തെ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ കേരളം എതിർക്കുകയാണുണ്ടായത്. ഇതിനാവശ്യമായ ഫണ്ട് വഹിക്കാൻ സംസ്ഥാനത്തിനു പാങ്ങില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
കേന്ദ്രം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ സംസ്ഥാനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രയാസമാണത്രെ. ശബരി പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാർ ഉണ്ടാക്കി മുന്നോട്ടുപോകാമെന്ന കേന്ദ്ര നിർദ്ദേശത്തിനും സംസ്ഥാനം എതിരാണ്. ചെലവിന്റെ പകുതി കിഫ്‌ബി വഴി വഹിക്കാമെന്നാണ് കേരളം ചർച്ചയിൽ വ്യക്തമാക്കിയത്. ഇങ്ങനെ തുക നൽകുമ്പോൾ കടമെടുപ്പു പരിധിയിൽ ഇത് ഉൾപ്പെടുത്തരുതെന്ന നിബന്ധന കൂടി കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിലപാട് കേന്ദ്രത്തെ അറിയിച്ച് സമ്മതം വാങ്ങേണ്ടതുണ്ട്. കടമെടുപ്പു വിഷയത്തിൽ സംസ്ഥാനത്തിന്റെ ഇത്തരം ആവശ്യങ്ങൾക്കു വഴങ്ങാത്ത കേന്ദ്രം ഇതിനു സമ്മതിക്കുമോ എന്നു തീർച്ചയില്ല. 3810 കോടിയോളം രൂപ ചെലവു കണക്കാക്കുന്ന ശബരി പാതയ്ക്കു വേണ്ട ഫണ്ടിന്റെ പകുതി കേരളത്തിന് വായ്‌പയായി നൽകാൻ റിസർവ് ബാങ്ക് തയ്യാറാണ്. എന്നാൽ, ഇതിനായി കേരളം റിസർവ് ബാങ്കുമായി ചേർന്ന് ത്രികക്ഷി കരാറിൽ ഒപ്പിടേണ്ടതുണ്ട്.
ഈ നിബന്ധന സാദ്ധ്യമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ചുരുക്കത്തിൽ, പദ്ധതി ഏറ്റെടുക്കാൻ പറ്റിയ സാഹചര്യം ഇപ്പോഴില്ല. ശബരി പാത ഇരട്ടപ്പാതയാക്കി പമ്പ വരെ നീട്ടണമെന്ന ആവശ്യമാണ് റെയിൽവേ ബോർഡ് ഉന്നയിച്ചിരിക്കുന്നത്. 9000 കോടി രൂപ വേണ്ടിവരും ഇതിന്. ഇതിന്റെ പകുതിയായ 4500 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്നതു കൊണ്ടാണ് സംസ്ഥാനം ഒഴിഞ്ഞുമാറുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുള്ള സംസ്ഥാനത്തിന് ഏതു പുതിയ ചെലവും താങ്ങാനാവാത്തതാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. വികസനം, വികസനം എന്ന് കൊട്ടിഘോഷിക്കാനല്ലാതെ വേണ്ട കാര്യങ്ങൾക്ക് ഏതു വിധേനയും പണം വക മാറ്റാൻ കഴിയാത്തിടത്തോളം ഇത്തരം വലിയ പദ്ധതികൾ കടലാസിൽ കണ്ട് തൃപ്തിയടയാനേ കഴിയൂ.
ശബരി പാത ഒറ്റവരിയിൽ മതിയെന്ന നിലപാടു തന്നെ ആധുനിക കാഴ്ചപ്പാടിനു വിരുദ്ധമാണ്.
സംസ്ഥാനത്തെ നിലവിലുള്ള ഒറ്റവരിപ്പാതകൾ ഇരട്ടപ്പാതകളാക്കുന്നതിനുള്ള ചെലവും അതിനു വേണ്ടിവരുന്ന സമയവും എത്രയെന്ന് ബോദ്ധ്യമായാൽ ഒറ്റവരിപ്പാതയ്ക്കായി ആരും വാദിക്കുകയില്ല. കായംകുളം - എറണാകുളം പാത ഇരട്ടപ്പാതയാക്കാൻ രണ്ടു പതിറ്റാണ്ടായി ശ്രമം നടക്കുകയാണ്. അതുപോലെ തിരുവനന്തപുരം - കന്യാകുമാരി പാതയും. ഷൊർണ്ണൂർ - മംഗലാപുരം പാത ഇരട്ടിപ്പിക്കൽ പൂർത്തിയായത് രണ്ടു പതിറ്റാണ്ടിലേറെ സമയമെടുത്താണ്. നിർദ്ദിഷ്ട ശബരി പാത പൂർത്തിയാക്കാൻ തന്നെ വർഷങ്ങളെടുക്കും. അനുകൂല സാഹചര്യം ഒത്തുവരുമ്പോൾ ആ പാത ഇരട്ടിപ്പിക്കാമെന്ന ആശയം അത്ര വേഗമൊന്നും നടപ്പാകുമെന്നു തോന്നുന്നില്ല. ചുരുക്കത്തിൽ ശബരി പാതയുടെ കാര്യത്തിൽ ജനങ്ങളെ നിരാശരാക്കുന്ന സമീപനമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്ന് ഉണ്ടായിരിക്കുന്നത്.