സ്ഥിരം രജിസ്ട്രേഷനില്ലാതെ ഭൂരിഭാഗം സ്വകാര്യ ലാബുകളും

Friday 20 December 2024 1:56 AM IST

□ജീവനക്കാരുടെ യോഗ്യതയിലും സർക്കാർ നിയന്ത്രണമില്ല

ആലപ്പുഴ: ക്ലിനിക്കൽ ലാബുകളുടെയും സ്‌കാനിംഗ് സെന്ററുകളുടെയും നിലവാര പരിശോധനയ്ക്ക് നിയമങ്ങൾ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ 4407 ലാബുകളിൽ സ്ഥിരം രജിസ്‌ട്രേഷനുള്ളത് 113 എണ്ണത്തിന് മാത്രം. പരിശോധനാഫീസ്,​ നിരക്ക് എന്നിവ നിശ്ചയിക്കുന്നതിലും ജീവനക്കാരുടെ യോഗ്യതയിലുമടക്കം സർക്കാർ നിയന്ത്രണം അട്ടിമറിക്കപ്പെടുന്നു.

ക്ലിനിക്കൽ ലാബുകളെയും സ്‌കാനിംഗ് സെന്ററുകളെയും നിയന്ത്രിക്കാൻ മൂന്ന്

നിയമങ്ങളാണുള്ളത്. 1966ലെ ക്ലിനിക്കൽ ലബോറട്ടറി ആക്ട്, 2010ലെ ക്ലിനിക്കൽ ലബോറട്ടറി മോഡിഫൈഡ് ആക്ട്, 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷൻ ആൻഡ് റെഗുലറൈസേഷൻ ആക്ട് എന്നിവ.

ഏകീകൃത നിരക്കില്ല,​

നിശ്ചിത യോഗ്യതയും

1.എം.ആർ.ഐ, സി.ടി, അൾട്രാ സൗണ്ട് സ്‌കാനിംഗ്, ഇ.സി.ജി, എക്‌സ്‌റേ, മറ്റ് പരിശോധനകൾ എന്നിവയ്‌ക്കൊന്നും സംസ്ഥാനത്ത് ഏകീകൃത നിരക്കില്ല.

2.ലാബ് ടെക്‌നീഷ്യൻ, സ്‌കാനിംഗ് സെന്റർ ജീവനക്കാർ എന്നിവർക്ക് നിശ്ചിത യോഗ്യത വ്യവസ്ഥ ചെയ്യുന്നുണ്ട്. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എം.എൽ.ടി ഡിപ്ലോമയാണ് ലാബ് ടെക്‌നീഷ്യനുള്ള കുറഞ്ഞ യോഗ്യത. ഇത് പരിശോധിക്കാൻ ജില്ലാതല രജിസ്റ്ററിംഗ് അതോറിട്ടിയുമുണ്ട്

3.ഗവ.മെഡിക്കൽ കോളേജുകളിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിന് പി.എസ്.സി നിശ്ചയിച്ചിട്ടുള്ള ഡി.എം.എൽ.ടിയോ,​ ബി.എസ് സി എം.എൽ.ടിയോ ആണ് യോഗ്യത. റേഡിയോ ഡയഗ്നോസിസിന് ബിരുദാനന്തര ബിരുദമാണ്

4. ലാബ് ജീവനക്കാരുടെ യോഗ്യത,​ പ്രവൃത്തിപരിചയം എന്നിവ നിശ്ചയിക്കാൻ ക്വാളിറ്റി കൺട്രോൾ സംവിധാനമുണ്ടെങ്കിലും ഇതൊന്നും മാനിക്കാതെയാണ് പല സ്വകാര്യ ലാബുകളും പ്രവർത്തിക്കുന്നത്

'ക്ളിനിക്കൽ ലാബുകൾ, സ്കാനിംഗ് സെന്ററുകൾ എന്നിവയുടെ നിലവാര പരിശോധനയ്ക്ക് സർക്കാർ അടിയന്തരമായി ഇ‌ടപെടണം'.

-ജി.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി,

കൺസ്യൂമേഴ്സ് ഫെഡ. ഒഫ് ഇന്ത്യ

സംസ്ഥാനത്തെ

ലാബുകൾ

(ജില്ല,​ താത്കാലിക രജിസ്ട്രേഷൻ,​ സ്ഥിരം രജിസ്ട്രേഷൻ)

# തിരുവനന്തപുരം: 344...10

# കൊല്ലം: 297...01

# പത്തനംതിട്ട: 200...02

# ആലപ്പുഴ: 421...08

# കോട്ടയം:335...02

# ഇടുക്കി:152...02

# എറണാകുളം:591...28

# തൃശ്ശൂർ:507...25

# പാലക്കാട്:268...08

# കോഴിക്കോട്:338...03

# കണ്ണൂർ:392...13

# മലപ്പുറം:356...06

# വയനാട്:128...05

# കാസർകോട്:78... 00