'മുഖ്യമന്ത്രിയുമായുള്ളത്  നല്ല  ബന്ധം';  മന്ത്രി  മാറ്റം കേന്ദ്രനേതൃത്വം  ചർച്ച ചെയ്യുന്നുണ്ടെന്ന് തോമസ്  കെ തോമസ്

Friday 20 December 2024 12:16 PM IST

കോഴിക്കോട്: മന്ത്രി മാറ്റം കേന്ദ്രനേതൃത്വം ചർച്ച ചെയ്യുന്നുണ്ടെന്ന് തോമസ് കെ തോമസ് എംഎൽഎ. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചെന്നും പാർട്ടി തീരുമാനിച്ച് അറിയിച്ചാൽ അത് അനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ അഞ്ചാം ചരമവാർഷികത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കുറച്ച് കാര്യങ്ങൾ മണ്ഡലത്തിൽ ചെയ്യാനുണ്ട് അത് കഴിഞ്ഞ ഉടനെ വീണ്ടും മുഖ്യമന്ത്രിയെ കാണും. ശരദ് പവാറുമായി സംസാരിച്ചു. മുഖ്യമന്ത്രിയുമായുള്ളത് നല്ല ബന്ധമാണ്. മന്ത്രി മാറ്റത്തിൽ മുഖ്യമന്ത്രി എതിർപ്പ് അറിയിച്ചിട്ടില്ല. മാദ്ധ്യമങ്ങൾ വരുന്നത് പലതും ശരിയായ വാർത്തയല്ല. നേതൃത്വത്തിന്റെ തീരുമാനം ഇതുവരെ വന്നില്ല. അതിനായി കാത്തിരിക്കുകയാണ്. രണ്ടരവർഷം ആകുമ്പോൾ മന്ത്രി മാറണമെന്നും ഞാൻ മന്ത്രി ആകണമെന്നും പറഞ്ഞത് ശരദ് പവാർ ആണ്',- തോമസ് കെ തോമസ് പറഞ്ഞു.

അതേസമയം, എൻ സി പി സംസ്ഥാന നേതൃത്വത്തിനെതിരെ മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭയിലെ മെക്കാനിസത്തിൽ മുഖ്യമന്ത്രിക്ക് റോൾ ഉണ്ട്. അക്കാര്യം സംസ്ഥാന നേതൃത്വം വേണ്ടത്ര മനസിലാക്കിയില്ല. തന്നെ പ്രത്യേകമായി സംരക്ഷിക്കണമെന്ന നിർബന്ധം മുഖ്യമന്ത്രിക്കില്ല. അത്തരം പ്രചരണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിൽ മുഖ്യമന്ത്രിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അങ്ങനെ ഒരാളെ മന്ത്രിസഭയിൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നും എം കെ ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി അതൃപ്തി എൻസിപി കേന്ദ്രനേതൃത്വത്തോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാംഗത്തെ തീരുമാനിക്കുന്നതിൽ മുഖ്യമന്ത്രിക്ക് റിസർവേഷൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.