വായ്പാ തട്ടിപ്പ്: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അനന്തരവൻ അറസ്റ്റിൽ

Tuesday 20 August 2019 10:14 PM IST

ന്യൂഡൽഹി: 354.51 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവനും മോസർബീയർ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രതുൽ പുരി (47) അറസ്റ്റിൽ. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ നൽകിയ പരാതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്തത്. 2009 മുതൽ വിവിധ ബാങ്കുകളിൽനിന്നു വലിയ തുകകൾ വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പുരിക്കെതിരെ കഴിഞ്ഞ ദിവസം സി.ബി.ഐ കേസെടുത്തിരുന്നു. പുരിയെ കൂടാതെ മാനേജിംഗ് ഡയറക്ടർ ദീപക് പുരി, മുഴുവൻ സമയ ഡയറക്ടർ നിതാ പുരി, ഡയറക്ടർമാരായ സഞ്ജയ് ജയ്ൻ, വിനീത് ശർമ എന്നിവരെ കൂടാതെ അറിയപ്പെടാത്ത പൊതുപ്രവർത്തകനും മറ്റൊരാളും സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ച കേസിൽ പ്രതികളാണ്. വഞ്ചനാ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രതുൽ പുരിയുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസം പരിശോധന നടന്നിരുന്നു. 2018 ൽ മോസർ ബെയർ അടച്ചുപൂട്ടി. നികുതി തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ അന്വേഷണം നേരിടുകയാണ് രതുൽ പുരി. അഗസ്ത വെസ്റ്റ്ലാൻഡ‌് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രതുൽപുരിയുടെ കോടികളുടെ സ്വത്തുകൾ നേരത്തെ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനെന്നു പറഞ്ഞാണ് ഇ.ഡി രതുലിനെ വിളിച്ചുവരുത്തിയത്. എന്നാൽ, ബാങ്ക് വായ്പ തട്ടിപ്പു കേസിന്റെ ചോദ്യം ചെയ്യലിനാണെന്നു പിന്നീട് വ്യക്തമാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.