സാദ്ധ്യകളേറെയുണ്ട്; അടുത്തവർഷം വിദേശപഠനത്തിന് ഏതാണ് മികച്ച കോഴ്‌സ്?
2025 ൽ വിദേശപഠനത്തിന് ഏതാണ് മികച്ച കോഴ്‌സ് എന്നതിൽ രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും സംശയങ്ങളേറെയുണ്ട്. പ്ലസ് ടുവിനുശേഷമുള്ള അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം തിരഞ്ഞെടുക്കുമ്പോഴും ബിരുദ ശേഷമുള്ള ഗ്രാജ്വേറ്റ് പ്രോഗ്രാം കണ്ടെത്തുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.
ഭാവി തൊഴിൽ സാദ്ധ്യതകൾ, ടെക്നോളജി, ഗവേഷണ വിടവ്, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം. അപേക്ഷിക്കുന്നതിനു മുമ്പ് സ്ഥാപനങ്ങളുടെ റാങ്കിംഗ് നിലവാരം മനസിലാക്കിയിരിക്കണം. ചില വിദ്യാർഥികൾ ലോക റാങ്കിംഗിൽ മുൻ നിരയിലുള്ള സർവ്വകലാശാലകളിലേക്ക് അപേക്ഷിക്കാൻ താത്പര്യപ്പെടാറുണ്ട്.
ഏത് കോഴ്‌സ് ഇന്ത്യയിൽ പഠിച്ചവർക്കും താത്പര്യമുള്ള മേഖലയിൽ ഉപരിപഠനം നടത്താനുള്ള അവസരങ്ങൾ ലഭിക്കും.നിരവധി പുത്തൻ കോഴ്സുകളുമുണ്ട്. അമേരിക്കൻ സർവകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 52 ശതമാനവും ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ 66.4 ശതമാനവും എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടർ സയൻസ് കോഴ്‌സുകളാണ് പഠിക്കുന്നത്.
സോഷ്യൽ സയൻസ്, മാനേജ്‌മന്റ്, ബിസിനസ് സ്റ്റഡീസ്, എൻജിനിയറിംഗ് എന്നിവയ്ക്ക് യു.കെ,ഓസ്ട്രേലിയ എന്നിവ മികച്ച രാജ്യങ്ങളാണ്. ജർമ്മനി ഉൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങൾ ടെക്നോളജി, എൻജിനിയറിംഗ് പ്രോഗ്രാമുകൾക്കും കാനഡ ലോജിസ്റ്റിക്‌സ്, സയൻസ്, ടെക്നോളജി കോഴ്‌സുകൾക്കും മികച്ച രാജ്യങ്ങളാണ്. ലൈഫ് സയൻസിൽ ഉപരിപഠനത്തിന് അമേരിക്കയിൽ സാദ്ധ്യതകളേറെയുണ്ട്. കമ്പ്യൂട്ടർ സയൻസ്, ഐ.ടി പഠനത്തിനും അമേരിക്ക മികച്ച രാജ്യമാണ്. അമേരിക്കയിൽ സൈബർ സെക്യൂരിറ്റി കോഴ്‌സുകൾക്കും അനന്ത സാധ്യതകളുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് തൊഴിലുകളിലും, തൊഴിൽ സാധ്യതകളിലും മാറ്റം പ്രകടമാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത് 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളിൽ 40 ശതമാനത്തോളം ഇല്ലാതാകുമന്നും പുതിയ തൊഴിൽ മേഖലകൾ ഉരുത്തിരിഞ്ഞുവരുമെന്നുമാണ്.