ടിക്കറ്റില്ലെന്ന് പറഞ്ഞ് പ്രിയങ്കയെ ഹോട്ടലില്‍ താമസിപ്പിച്ചു, വഴങ്ങാതിരുന്നപ്പോള്‍ താഴേക്ക് തള്ളിയിട്ടു

Saturday 21 December 2024 8:11 PM IST

വാരാണസി: 22കാരിയായ യുവതിയെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് സമീപം രാംകടോരയിലെ ഒരു ഹോട്ടലിലാണ് സംഭവം. താഴേക്ക് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രിയങ്കയുടെ പിതാവ് രാംപ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി ഫുര്‍ഖാനെ പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ധന്‍ബാദ് സ്വദേശിയായ പ്രിയങ്ക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനാണ് വാരാണസിയിലേക്ക് യാത്ര തിരിച്ചത്. പ്രിയങ്ക യാത്ര പോകുന്ന കാര്യം അറിഞ്ഞ ഫുര്‍ഖാന്‍ ഇതേ ട്രെയനില്‍ പിന്തുടരുകയായിരുന്നു. വാരാണസിയില്‍ താന്‍ സുഹൃത്തിന്റെ ഒപ്പം താമസിക്കുമെന്നാണ് യുവതി വീട്ടില്‍ പറഞ്ഞിരുന്നത്. ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്.

വീട്ടിലേക്ക് പോകണമെന്ന് പ്രിയങ്ക പലതവണ പറഞ്ഞുവെങ്കിലും ഫുര്‍ഖാന്‍ ഇതിന് തയ്യാറായില്ല. നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് ഹോട്ടലിലെ താമസം തുടരുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ താന്‍ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞ പ്രിയങ്കയുമായി ഫുര്‍ഖാന്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തനിക്കൊപ്പം തുടരണം എന്ന ആവശ്യത്തിന് പ്രിയങ്ക വഴങ്ങാതെ വന്നതോടെ മര്‍ദ്ദിക്കുകയും മൂന്നാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രിയങ്കയെ പ്രവേശിപ്പിച്ചിരിക്കുന്നത്.