ഇന്ത്യയും കുവൈറ്റുമായി പ്രതിരോധ സഹകരണം; കായിക, ഊർജ്ജ മേഖലകളിലും ധാരണ

Monday 23 December 2024 12:08 AM IST

ന്യൂഡൽഹി: പ്രതിരോധം, സാംസ്‌കാരിക വിനിമയം, കായികം, ഊർജ്ജ മേഖലകളിൽ ഇന്ത്യ-കുവൈറ്റ് സഹകരണത്തിന് ധാരണയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇന്നലെ മോദി ഡൽഹിയിലെത്തി.

ബന്ധപ്പെട്ട ധാരണാപത്രങ്ങൾ ഇരു നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഒപ്പിട്ടു.

സാമ്പത്തിക സഹകരണം, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയിലെ തന്ത്രപരമായ പങ്കാളിത്തം ചർച്ച ചെയ്തു. ഊർജം, പ്രതിരോധം, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ, ഫുഡ് പാർക്കുകൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ വിലയിരുത്താൻ കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടിയെ മോദി ക്ഷണിച്ചു.

പരമ്പരാഗത വൈദ്യശാസ്ത്രം, കാർഷിക ഗവേഷണം എന്നിവയിലെ സഹകരണവും ചർച്ചാവിഷയമായി. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്കാരം എന്നീ മേഖലകളിൽ സംയുക്ത വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചു.

അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായുമുള്ള ആദ്യ കൂടിക്കാഴ്‌ചയ്‌ക്ക് ബയാൻ കൊട്ടാരം വേദിയായി.അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

ഒരു ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് അമീറിനോട് നന്ദി പറഞ്ഞു.

`കുവൈറ്റിന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവന വിലയേറിയതാണ്. ഇന്ത്യ മൂല്യവത്തായ പങ്കാളിയാണ്. 'കുവൈറ്റ് വിഷൻ 2035'ന് ഇന്ത്യയുടെ വലിയ പങ്ക് പ്രതീക്ഷിക്കുന്നു.'

- കുവൈറ്റ് അമീർ

`ഇന്ത്യ-കുവൈറ്റ് തന്ത്രപരമായ സഹകരണം വരും കാലങ്ങളിൽ പുതിയ ഉയരങ്ങളിലെത്തും. സൗഹൃദം തഴച്ചുവളരും. സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങൾ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്‌തു.'

- നരേന്ദ്ര മോദി,

പ്രധാനമന്ത്രി