ജസ്റ്റിസ്. വി. രാമസുബ്രഹ്‌മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ

Tuesday 24 December 2024 12:12 AM IST

ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഒമ്പതാമത് അദ്ധ്യക്ഷനായി സുപ്രീംകോടതി മുൻ ജഡ്ജി വി. രാമസുബ്രഹ്മണ്യനെ നിയമിച്ചു. ഡിസംബർ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് നിയമനം നടത്തിയത്. തമിഴ്നാട് സ്വദേശിയാണ്. അരുൺകുമാർ മിശ്ര ജൂൺ ഒന്നിന് കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ധ്യക്ഷസ്ഥാനത്ത് ഇപ്പോഴാണ് നിയമനം.

2019-2023ലാണ് രാമസുബ്രഹ്‌മണ്യൻ സുപ്രീംകോടതി ജഡ്ജിയായിരുന്നത്. അതിനു മുൻപ് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2006ൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2016ൽ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കായി രൂപീകരിച്ച ഹൈദരാബാദിലെ ജുഡിഷ്യൽ ഹൈക്കോടതിയിൽ. 2019ൽ തെലങ്കാന ഹൈക്കോടതി ജഡ്ജിയായി. മദ്രാസ് ലാ കോളേജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി 1983ൽ എൻറോൾ ചെയ്‌തു. ഒരു അനാഥാലയത്തിലെ 89 അന്തേവാസികളെ സംബന്ധിച്ച കേസിന്റെ അടിയന്തര വിചാരണ സ്‌കൈപ്പ് വഴി നടത്തി വാർത്തയിൽ ഇടം നേടിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പിന്തുണ നൽകിയ വിധികൾ സംഭാവന ചെയ്‌തു.