'കടലില്‍ മുങ്ങിത്താഴേണ്ടതായിരുന്നു, എന്നേയും കാമുകിയേയും രക്ഷപ്പെടുത്തിയത് ആ ഐപിഎസ് ഉദ്യോഗസ്ഥന്‍'

Thursday 26 December 2024 7:53 PM IST

പനജി: ക്രിസ്മസ് തലേന്ന് താനും കാമുകിയും കടലില്‍ മുങ്ങി മരിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി യൂട്യൂബര്‍ രണ്‍വീര്‍ അല്ലഹ്ബാദിയ. ഗോവയിലെ ഒരു ബീച്ചില്‍ കാമുകിക്കൊപ്പം കുളിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടു. അവിടെ ഉണ്ടായിരുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്നാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും രണ്‍വീര്‍ പറയുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ രണ്‍വീര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബര്‍ 24ന് വൈകുന്നേരം കാമുകിക്ക് ഒപ്പം കടലില്‍ നീന്തുകയായിരുന്നു. അടിയൊഴുക്കുണ്ടെന്ന് മനസ്സിലായില്ല. തുടര്‍ന്ന് താഴ്ചയിലേക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായത്. നിലയില്ലാ കയത്തില്‍ കൈകാലുകളടിച്ച് പത്ത് മിനിറ്റോളം സ്വയം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബോധം നഷ്ടമാകുന്നപോലെയാണ് തോന്നിയത്. രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് തോന്നിയപ്പോള്‍ നിലവിളിക്കുകയായിരുന്നു.

പകുതി ബോധം പോയ സമയത്ത് ആരോ രണ്ട് പേര്‍ സഹായിക്കാനായി എത്തി. ഐപിഎസ് ഉദ്യോഗസ്ഥനും ഐആര്‍എസ് ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു അത്. അവരോട് എന്നും നന്ദിയുണ്ടാകും.'' രണ്‍വീര്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കാമുകിയുടെ സ്വകാര്യത മാനിച്ച് രണ്‍വീര്‍ അവരുടെ പേരോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താനും കാമുകിയും ധാരാളം കടല്‍വെള്ളം കുടിച്ചുവെന്നും ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും യൂട്യൂബര്‍ കുറിച്ചു.