രണ്ടാം മോദിസർക്കാരിന്റെ നൂറാം ദിനത്തിലെ 'സ്മാർട്ട് സെഞ്ച്വറി'ക്കായി കാത്തിരിക്കൂ...കേരളത്തിനും സന്തോഷിക്കാം

Wednesday 21 August 2019 12:59 PM IST

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ നൂറാംദിനം പ്രമാണിച്ച് ഇന്ത്യയിലെ 100 സ്മാർട്ട് സിറ്റികളും ഓരോ പ്രോജക്ട് വീതം പൂർത്തിയാക്കും. അതായത് 100 പദ്ധതികൾ. സ്മാർട്ട് സിറ്രി മിഷന്റെ നടത്തിപ്പ് ചുമതലയുള്ള കേന്ദ്ര നഗരകാര്യ മന്ത്രാലയം 100 സ്മാർട്ട് സിറ്റികളോടും ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുന്ന ഒരു പദ്ധതി ഒക്ടോബർ രണ്ടിനുള്ളിൽ പൂ‌ർത്തീകരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷിക ദിനമാണ് ഈ വരുന്ന ഒക്ടോബർ രണ്ട്. അന്നാണ് മോദി സർക്കാരിന്റെ നൂറാം ദിനം. തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റി പ്രോജക്ടുകൾ ഇതിന്റെ ഭാഗമായുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

സ്മാർട്ടി സിറ്രി പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡ് പ്രദർശിപ്പിക്കൽ കൂടിയാകും ഇത്. നൂറ് പദ്ധതികളിൽ 28 എണ്ണം ശുചിത്വവുമായി ബന്ധപ്പെട്ടതാണ്. 24 എണ്ണം സാമ്പത്തിക പ്രവർ‌ത്തനങ്ങളുമായി ബന്ധമുള്ളവ. പരിസ്ഥിതി സംബന്ധിയായ 23 പദ്ധതികളും ജലവുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികളും പൂർത്തിയാക്കും. ഒരു ലക്ഷം മരംനടീൽ, 80 പുതിയ സ്മാർട്ട് ക്ലാസ് മുറികൾ, 100 ഹരിത പൊതുവിശ്രമയിടങ്ങൾ, രണ്ട് ലക്ഷം വേസ്റ്റ് ബിന്നുകൾ, 1.25 ലക്ഷം എൽ.ഇ.ഡി തെരുവ് വിളക്കുകൾ, 100 പൊതുകക്കൂസുകൾ എന്നിവയും നൂറുദിന പരിപാടിയിൽ ഉൾപ്പെടും. രാജ്യത്തെ വിവിധ നഗരസഭകളും വ്യത്യസ്തമായ പരിപാടികളുമായി രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി നഗരസഭ രണ്ടു പദ്ധതികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്കാരിക ഉന്നമനത്തിനായി ഐ.ടി സൊല്യൂഷൻസിനെ പ്രയോജനപ്പെടുത്തൽ, കാശി വിശ്വനാഥ ക്ഷേത്രത്തിലെ സ്നാനഘട്ടങ്ങളിലെ ഹരിതയിടങ്ങളുടെ വികസനം എന്നിവയാണവ. സോളാർ റിഫ്ലക്ടീവ് മാദ്ധ്യമത്തിലൂടെ 37 സ്കൂൾ മേൽക്കൂരകളിൽ പെയിന്റിംഗ് ചെയ്യുന്ന പദ്ധതിയാണ് തെലങ്കാനയിലെ വാറങ്കൽ നഗരസഭ ചെയ്യുന്നത്.