'ഏറ്റവും മികച്ച ചാമ്പ്യന്മാരിൽ ഒരാൾ'; മൻമോഹൻ സിംഗിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി യുഎസ്
വാഷിംഗ്‌ടൺ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്ക. 'തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തതിന്റെ ഏറ്റവും മികച്ച ചാമ്പ്യന്മാരിൽ ഒരാൾ' എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
യുഎസ് - ഇന്ത്യ നയതന്ത്രപരമായ പങ്കാളിത്തത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചവരിൽ ഒരാളാണ് മൻമോഹൻ സിംഗ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും ഒരുമിച്ചുണ്ടാക്കിയ പല നേട്ടങ്ങൾക്കും അടിത്തറയിട്ടതും മൻമോഹൻ സിംഗാണെന്ന് ആന്റണി ബ്ലിങ്കെൻ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ ബ്ലിങ്കെൻ അനുശേചനം രേഖപ്പെടുത്തി. യുഎസ് - ഇന്ത്യ സിവിൽ ആണവ ഉടമ്പടി മുന്നോട്ടുകൊണ്ടുപോകുന്നതിൽ മൻമോഹൻ സിംഗ് നൽകിയ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർത്തു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന മൻമോഹൻ സിംഗ് എക്കാലവും ഓർമിക്കപ്പെടുമെന്നും ബ്ലിങ്കെൻ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഡോ. മന്‍മോഹന്‍ സിംഗ് (92) മരിച്ചത്. ഡൽഹി എയിംസിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ എയിംസിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 2004 മേയ് 22 മുതല്‍ മുതല്‍ 2014 മേയ് വരെയുള്ള തുടര്‍ച്ചയായ പത്ത് വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു സിംഗ്.
മികച്ച സാമ്പത്തിക വിദഗ്ദ്ധനായി അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അദ്ധ്യാപകനായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയെന്നാണ് മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നരസിംഹറാവു മന്ത്രിസഭയിലെ ധനമന്ത്രി തുടങ്ങിയ പദവികളും ഡോ. മന്‍മോഹന്‍ സിംഗ് വഹിച്ചിരുന്നു.