വിമാനാപകടത്തിന് കാരണം ബാഹ്യ ഇടപെടൽ : വിശദീകരണവുമായി അസർബൈജാൻ എയർലൈൻസ്

Friday 27 December 2024 8:22 PM IST

മോസ്കോ: അസർബൈജാൻ യാത്രാവിമാനം കസാഖ്സ്ഥാനിൽ തകർന്ന് വീണ സംഭവത്തിൽ വിശദീകരണവുമായി എയർലൈൻസ് . സാങ്കേതികവും പുറത്തുനിന്നുള്ള എന്തിന്റെയോ ബാഹ്യഇട

പെടലാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എയർലൈൻസ് അധികൃതർ വിശദീകരിച്ചു. 10 ഫ്ലൈറ്റുകൾ താത്കാലികമായി നിറുത്തലാക്കിയതായും അധികൃതർ വ്യക്തമാക്കി.

അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പറന്നുയർന്ന വിമാനം ബുധനാഴ്ച കസാക്കിസ്ഥാനിലെ അക്‌തൗ വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 67 പേരിൽ 38 പേർ അപകടത്തിൽ മരിച്ചു, രണ്ട് കുട്ടികളടക്കം 29 പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായി കസാഖ് അധികൃതർ ബുധനാഴ്ച അറിയിച്ചു.

അസർബൈജാനിൽ നിന്നുള്ള 37 പൗരന്മാരും റഷ്യയിൽ നിന്നുള്ള 16 പേരും കസാക്കിസ്ഥാനിൽ നിന്നുള്ള ആറ് പേരും കിർഗിസ്ഥാനിൽ നിന്നുള്ള മൂന്ന് പേരും വിമാനത്തിലുണ്ടായിരുന്നതായി കസാഖ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടസ്ഥലത്ത് നിന്ന് രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് അപകടത്തിന് കാരണം ബാഹ്യഇടപെടലെന്ന് അസർബൈജാൻ എയർലൈൻസ് അറിയിച്ചിരിക്കുന്നത്.

നേരത്തെ വിമാനത്തെ റഷ്യൻ മിസൈൽ അബദ്ധത്തിൽ വീഴ്ത്തിയതാണെന്ന് സൂചന ലഭിച്ചതായി ചില വിദേശ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. മിസൈൽ ഭാഗങ്ങൾ തറച്ചതിന് സമാനമായി വിമാനത്തിന്റെ പുറത്ത് ദ്വാരങ്ങളും വാൽ ഭാഗത്ത് പാടുകളും കണ്ടെത്തിയതിന് പിന്നാലെയാണിത്. അതേസമയം, റിപ്പോർട്ടുകൾക്കെതിരെ റഷ്യ രംഗത്തെത്തി.