പെരിയ കൊലക്കേസ് വിധി ഓർമ്മിപ്പിക്കുന്നത്

Sunday 29 December 2024 2:27 AM IST

രാഷ്ട്രീയ കേരളത്തെ നടുക്കിയ ടി.പി. ചന്ദ്രശേഖരൻ വധക്കേസിനു ശേഷം,​ മനസ്സാക്ഷിയുള്ളവരെ മുഴുവൻ അഗാധമായി വേദനിപ്പിച്ച ക്രൂര സംഭവമാണ് കാസർകോട് പെരിയയിലെ രണ്ടു ചെറുപ്പക്കാർക്കു നേരിട്ട ദാരുണാന്ത്യം. ഈ ഇരട്ടക്കൊലകൾക്കു പിന്നിലും രാഷ്ട്രീയ വൈരമായിരുന്നു. ഇരുപത്തിമൂന്നും പത്തൊൻപതും വയസു മാത്രമുള്ള,​ യുവത്വത്തിലേക്കു കടക്കാനൊരുങ്ങുന്ന ശരത്‌‌ലാലിനെയും കൃപേഷിനെയും വെട്ടിയും കുത്തിയും അതിക്രൂരമായി കൊലപ്പെടുത്താൻ പാകത്തിൽ ഈ ചെറുപ്പക്കാർ എന്തു രാഷ്ട്രീയമാണ് എതിരാളികളെ പ്രകോപിപ്പിക്കാൻ മാത്രം ചെയ്തുകൂട്ടിയതെന്ന് ആർക്കുമറിയില്ല. മലബാറിൽ അടിക്കടി ചോര ചിന്തുന്ന രാഷ്ട്രീയ കുടിപ്പകയുടെ ഇരകളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ഇരുവരും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നടന്ന പെരിയ ഇരട്ടക്കൊല കേസിൽ ഇന്നലെ കൊച്ചി സി.ബി.ഐ കോടതി പതിനാലു പ്രതികൾ കുറ്റക്കാരെന്നു വിധിച്ചിരിക്കുകയാണ്. 24 പ്രതികളിൽ പത്തുപേരെ വെറുതെവിട്ടു.

കുറ്റക്കാരെന്നു വിധിച്ച പ്രതികൾക്കുള്ള ശിക്ഷ ജനുവരി മൂന്നിനാണ് പ്രഖ്യാപിക്കുക. പ്രതികളിൽ അധികവും സി.പി.എം പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്. ഉദുമ മുൻ എം.എൽ.എ ആയ കെ.വി. കുഞ്ഞിരാമൻ കേസിൽ ഇരുപതാം പ്രതിയാണ്. രണ്ടാം പ്രതിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടു പോയതുൾപ്പെടെയുള്ള കുറ്റമാണ് കുഞ്ഞിരാമനെതിരെ ചുമത്തിയിരുന്നത്. ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു. വിട്ടയച്ച പത്തു പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ആരോപണ,​ പ്രത്യാരോപണങ്ങൾക്കും വഴിവച്ച രാഷ്ട്രീയ കൊലക്കേസ് കൂടിയാണിത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചാണ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിച്ചത്.

സി.ബി.ഐ കേസ് ഏറ്റെടുക്കാതിരിക്കാൻ സംസ്ഥാന സർക്കാരും സി.പി.എമ്മും ആവും വിധം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തടസ ഹർജികളുമായി സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. തിരിച്ചടിയായിരുന്നു ഫലം. പൗരന്റെ ജീവന്റെയും സ്വത്തിന്റെയും രക്ഷാധികാരി സ്റ്റേറ്റ് ആണെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ പെരിയ ഇരട്ടക്കൊല കേസിൽ സംസ്ഥാന സർക്കാർ പ്രതികൾക്കു വേണ്ടിയാണ് ആദ്യം മുതലേ നിലകൊണ്ടത്. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതു തടയാൻ സുപ്രീംകോടതി വരെ ചെലവേറിയ നിയമ പോരാട്ടത്തിനായി പൊതു ഖജനാവിൽ നിന്ന് സർക്കാർ പല ലക്ഷങ്ങൾ ചെലവഴിച്ചു. പ്രതികളെല്ലാം സി.പി.എമ്മുകാരായതുകൊണ്ടാണ് നീതിക്കും നിയമത്തിനും നിരക്കാത്ത വിധം ഇത്തരത്തിലൊരു നടപടിക്ക് സർക്കാർ മുതിർന്നത്.

വിധി പ്രസ്താവത്തോടെ കേസിന് പരിസമാപ്‌തിയായെന്നു പറയാനാവില്ല. ഇരു ഭാഗക്കാരും വിധിക്കെതിരെ അപ്പീൽ പോകാതിരിക്കില്ല. വിട്ടയച്ച പ്രതികളെക്കൂടി ശിക്ഷിക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട യുവാക്കളുടെ രക്ഷകർത്താക്കൾ മേൽക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകരും വീട്ടുകാർക്കും നാട്ടുകാർക്കും ഉപകാരികളുമായിരുന്നു. ഇനിയും എത്രയോ കാലം ജീവിച്ച് സ്വന്തം കുടുംബങ്ങളുടെ അത്താണിയായി മാറേണ്ടവരാണ് രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ ആയുധങ്ങൾക്ക് ഇരകളായത്. പതിനാലു പ്രതികൾ കുറ്റക്കാരെന്നു വിധിച്ച പശ്ചാത്തലത്തിൽ ഇതിന്റെ പേരിൽ സംഘർഷവും ഏറ്റുമുട്ടലും ഉണ്ടാകാതിരിക്കാൻ ജില്ലാ ഭ‌രണകൂടം ആവശ്യമായ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. മനസുകളിൽ പക കനലായി കിടക്കുമ്പോൾ ചെറിയൊരു കാര്യം മതിയാകും അതു തീയായി കത്തിപ്പടരാൻ.