എൻജിനിൽ നിന്ന് തീ; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിന് തൊട്ടുമുൻപുള്ള വീഡിയോ പുറത്ത്

Sunday 29 December 2024 11:52 AM IST

സോൾ: ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ യാത്രാവിമാനം തകർന്നുണ്ടായ വൻ അപകടത്തിൽ 181 പേരിൽ 179 പേരും മരിച്ചിരുന്നു. പ്രാദേശിക മാദ്ധ്യമ റിപ്പോർട്ടുപ്രകാരം രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവർക്കും പരിക്കേറ്റതായാണ് വിവരം.

മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ വിമാന ജീവനക്കാരനും മറ്റൊരാൾ യാത്രക്കാരനുമാണ്. വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവരാണ് രക്ഷപ്പെട്ടത്. എന്നാൽ മരണസംഖ്യയെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ദക്ഷിണകൊറിയയിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നാണിത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നെത്തിയ ജെജു എയർലൈൻസിന്റെ വിമാനമാണ് എമർജൻസി ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മതിലിൽ ഇടിച്ച് കത്തുകയായിരുന്നു. വിമാനം റൺവേയിലൂടെ അതിവേഗം മുന്നോട്ട് പോകുന്നതും കുറച്ച് മുന്നിലേക്ക് പോയി അവിടെയുള്ള മതിലിൽ ഇടിച്ച് കത്തുന്നതും വീഡിയോയിൽ കാണാം.

പക്ഷിയിടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോഴിതാ അത് സ്ഥീരികരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ദുരന്തത്തിന് തൊട്ടുമുൻപ് വിമാനത്തിന്റെ എൻജിനിൽ എന്തോവന്ന് തട്ടുന്നതും പിന്നാലെ തീ കത്തുന്നതും കാണാം. പക്ഷി ഇടിച്ചതുമൂലം ലാൻഡിംഗ് ഗിയർ തകരാറിലായതാണ് അപകട കാരണമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പ്രാദേശിക സമയം രാവിലെ ഒൻപതോടെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നെത്തിയ ബോയിംഗ് 737-800 ജെറ്റ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സിഗ്നൽ സംവിധാനത്തിലും സമീപത്തെ കോൺക്രീറ്റ് വേലിയിലും ഇടിച്ചുതകരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പൊടുന്നനെ വിമാനത്തിന് തീ പിടിച്ചു. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫയർ എൻജിനുകളുടെ മണിക്കൂറുകൾ നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഇതിനുശേഷമാണ് രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിച്ചത്. അപ്പോഴേക്കും ഒട്ടുമിക്കവരും മരിച്ചിരുന്നു.