വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റ്, കുറ്റം സമ്മതിച്ച് മാപ്പു പറയണമെന്ന് അസർബൈജാൻ പ്രസിഡ‌ന്റ്

Sunday 29 December 2024 8:13 PM IST

ബാക്കു: കസാഖ്‌സ്ഥാനിൽ ഈയാഴ്ച അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് വീണത് റഷ്യയിൽ നിന്നുള്ള വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം മറച്ചുവയ്ക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റം സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനം തകർന്നതിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വിമാന ദുരന്തത്തിന്റെ യഥാർത്ഥ കാരണം മറച്ചുവയ്ക്കാൻ റഷ്യ ശ്രമിച്ചുവെന്നും അലിയേവ് ആരോപിച്ചു. ദുരന്തത്തിൽ റഷ്യക്കുള്ള പങ്ക് മറച്ചുവയ്ക്കുന്ന തരത്തിലുള്ള സിദ്ധാന്തങ്ങളാണ് അവർ മുന്നോട്ടുവച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനാപകടത്തിൽ റഷ്യ കുറ്റം സമ്മതിക്കുകയും അസർബൈജാനോട് ക്ഷമാപണം നടത്തുകയും വേണമെന്ന് അലിയേവ് ആവശ്യപ്പെട്ടു.

റഷ്യൻ മേഖലയിൽ വച്ച് വിമാനാപകടം നടന്നതിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. അതേസമയം റഷ്യയുടെ വെടിയേറ്റാണ് വിമാനം തകർന്നതെന്ന് അദ്ദേഹം സമ്മതിച്ചിരുന്നില്ല. വിമാനം കാസ്പിയൻ കടലിന് കുറുകെ കസാഖ്സ്ഥാനിലേക്ക് തിരിച്ചുവിടുന്നതിന് മുമ്പ് റഷ്യൻ വ്യോമപ്രതിരോധ സംവിധാനത്തിൽ നിന്ന് വെടിയേറ്റതായാണ് നിഗമനം. പുറമേ നിന്നുള്ള ആയുധമേറ്റാണ് വിമാനം തകർന്നുവീണതെന്ന് യു.എസ് ദേശീയ സുരക്ഷാവക്താവ് ജോൺ കിർബിയും അസർബൈജാൻ മന്ത്രി റഷാൻ നബിയേവും ആരോപിച്ചിരുന്നു.