രാത്രിയിൽ മുട്ട കഴിക്കാറുണ്ടോ? വിദഗ്ധർ പറയുന്നത്

Monday 30 December 2024 3:45 PM IST

ശരീരത്തിന് ഏറ്റവും ഗുണകരമായ ആഹാരമാണ് മുട്ട. പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

ഇറച്ചിയോ മീനോ ഇല്ലാത്ത ദിവസങ്ങളിൽ മുട്ട വിഭവങ്ങളിൽ ആശ്വാസം കാണുന്നവരാണ് കൂടുതലും. മുട്ടയുടെ തോടിൽ വരെ ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. എല്ലാ പ്രായകാർക്കും ധെെര്യമായി മുട്ട കഴിക്കാം. എന്നാൽ രാത്രിയിൽ മുട്ട കഴിക്കാമോയെന്നാണ് പലരുടെയും സംശയം. ചിലർ രാത്രി മുട്ട കഴിക്കാറില്ല. ഇറച്ചി, മുട്ട എന്നിവ രാത്രി കഴിക്കുന്നത് ശരീരത്തിന് ദോഷമാണെന്നാണ് പറഞ്ഞ് കേൾക്കുന്നത്.

എന്നാൽ അത്താഴത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. മുട്ടയിൽ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാൻ എന്ന ഘടകം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഹോർമോൺ പ്രശ്നങ്ങളും ഇല്ലാതാക്കും. രാത്രി മുട്ട കഴിക്കുന്നത് തടി കുറയ്ക്കാനും സഹായിക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ദഹനത്തിനും മുട്ട നല്ലതാണ്. പ്രോട്ടീൻ നിറഞ്ഞ മുട്ട പെട്ടെന്ന് വയർ നിറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ രാത്രിയിൽ മുട്ട കഴിച്ചാൽ അമിത ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ കഴിയും. അതിനാലാണ് രാത്രി മുട്ട കഴിക്കണമെന്ന് വിദഗ്ധർ പറയുന്നത്.