പുനലൂര്‍ കള്ളനോട്ട്  കേസ്; പ്രതികളെ കോടതി വെറുതെ വിട്ടു

Tuesday 31 December 2024 1:46 PM IST

കൊല്ലം: പുനലൂര്‍ കള്ളനോട്ട് കേസില്‍ എല്ലാ പ്രതികളേയും കോടതി വെറുതേ വിട്ടു. 2019ല്‍ പുനലൂരിലെ കുമാര്‍ പാലസ് ബാറില്‍ മദ്യപിക്കാന്‍ എത്തിയ ആള്‍ നല്‍കിയ 2000 രൂപയുടെ നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 10 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. കേസിലെ 2, 5 പ്രതികളുടെ വീട്ടില്‍ നിന്നുമാണ് 8.25 ലക്ഷം രൂപയുടെ കള്ളനോട്ട് പൊലീസ് സംഘം പിടിച്ചെടുത്തത്.

പ്രതികളുടെ വീടിന്റെ കിടപ്പ്മുറിയിലെ കട്ടിലിനടിയില്‍ നിന്നാണ് പൊലീസ് സംഘം വ്യാജ നോട്ടുകള്‍ കണ്ടെടുത്തത്. അമിതമായ സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ വ്യാജ നോട്ട് നിര്‍മിച്ച് വിനിമയം നടത്തിവന്നിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാജ നോട്ടുകള്‍ അച്ചടിച്ച ശേഷം വിശ്വസ്തരായ ആളുകളെ കണ്ടെത്തി അവര്‍ മുഖാന്തിരമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.

പ്രതികളുടെ സ്വന്തം വാഹനങ്ങളിലാണ് കള്ളനോട്ടുകള്‍ വിനിമയത്തിനായി പുനലൂരില്‍ ബസ് സ്റ്റാൻറിന് സമീപം എത്തിച്ചിരുന്നത്. ഇതിനായി ഒരു കാറും സ്‌കൂട്ടറും ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രമുഖ അഭിഭാഷകനായ അഫ്‌സല്‍ ഖാന്‍ ആണ് കേസിലെ 2,3,5 പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായത്. അഡീഷണല്‍ ജില്ലാ ജഡ്ജി പി. എന്‍ വിനോദ് ആണ് പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ടത്.