'ദിവ്യയ്ക്ക് വേണ്ടത് പേരും പ്രശസ്തിയും, ആര് വീണാലും മരിച്ചാലും പ്രശ്നമില്ല; ഉമാതോമസിന്റെ ദുരവസ്ഥയ്ക്ക് പിന്നിൽ ലാഭക്കൊതി'
തൃക്കാക്കര എംഎൽഎ ഉമാതോമസിന് സംഭവിച്ച അപകടമാണ് കേരളത്തിലെ ഇപ്പോഴത്തെ ചർച്ചവിഷയം. അപകടവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് എംഎൽഎയുടെ ദുരവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയെയും അദ്ദേഹം വിമർച്ചിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അഷ്‌റഫിന്റെ പ്രതികരണം.
'ഉമാതോമസിന്റെ അപകടവിവരം അറിഞ്ഞ പിറ്റേ ദിവസം തന്നെ ഞാൻ ആശുപത്രിയിലെത്തി. വെന്റിലേറ്ററിലായിരുന്ന ഉമയെ സ്‌കാനിംഗിനായി കൊണ്ടുപോകുന്നത് കാണാൻ സാധിച്ചു. അവരുടെ മുഖമെല്ലാം നീരുകൊണ്ട് വീർത്തിട്ടുണ്ട്. അവരുടെ അവസ്ഥ ദയനീയമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിന് പരിക്കേറ്റു. ഇതുമൂലം ഓർമക്കുറവ്,പ്രതികരണശേഷി, തുടങ്ങിയവയ്ക്ക് തകരാറ് സംഭവിക്കുമെന്നായിരുന്നു ആദ്യം ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ അവർ അതിനെയൊക്കെ അതിജീവിച്ച് വരുന്നുണ്ടെന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത്.
എംഎൽഎയ്ക്ക് ഉണ്ടായത് ഗുരുതര അവസ്ഥയായിരുന്നു. തീർച്ചയായും അധികൃതർ വരുത്തിവച്ച ഒരു അപകടമാണിത്. പണത്തിനുവേണ്ടിയുളള അത്യാർത്തി കാരണമാണ് ഈ സംഭവമുണ്ടായതെന്ന് പൊതുജനങ്ങൾക്ക് മനസിലായി. മൃദംഗ വിഷൻ സംഘാടകരും ഓസ്‌കാർ ഈവന്റ് മാനേജ്‌മെന്റുമാണ് ഈ സുരക്ഷാവീഴ്ചയുടെ കാരണക്കാർ. 12,000 നർത്തകർ പങ്കെടുത്ത പരിപാടിയായിരുന്നു. ഒരാളിൽ നിന്ന് 5000ൽ അധികം രൂപ സംഘാടകർ കൈപ്പറ്റിയിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്. അതുതന്നെ ആറ് കോടിയിലധികം വരും. ഇതുകൂടാതെ സ്‌പോൺസർഷിപ്പ്, ടിക്കറ്റ് വിൽപ്പന എന്നിവ ഉൾപ്പടെ പത്ത് കോടിയിലധികം രൂപ ഇവർ നേടിയെടുത്തിട്ടുണ്ടെന്നാണ്.
ആ പത്ത് കോടിയിൽ നിന്ന് രണ്ടോ മൂന്നോ ലക്ഷം രൂപ ചെലവാക്കിയിരുന്നെങ്കിൽ ബലമുളള ഒരു സ്റ്റേജ് പണിയാമായിരുന്നു. നല്ല സ്റ്റേജ് കെട്ടുന്നവർ എറണാകുളത്തുണ്ട്. ഏകദേശം 25000 രൂപ മുതൽമുടക്കിയാണ് സ്റ്റേജ് കെട്ടിയത്. കേരളത്തിൽ ഏത് വമ്പൻ തട്ടിപ്പ് നടത്തിയാലും അതിൽ സിനിമാക്കാർ ഉൾപ്പെടുമെന്ന് അടുത്തക്കാലത്തായി പുറത്തുവരുന്ന വിഷയമാണ്. ഇവിടെ അതിന് കാരണമായത് ദിവ്യ ഉണ്ണി എന്ന നടിയാണ്. അവർക്ക് വേണ്ടിയിരുന്നത് പേരും പ്രശസ്തിയുമായിരുന്നു. അത് അവർ നേടിയെടുത്തു. ആര് വീണാലും ആര് മരിച്ചാലും അവർക്കെന്താ?
പരിപാടി നടത്തിപ്പുക്കാരുടെ വിശ്വാസ യോഗ്യതയെക്കുറിച്ച് പലരും ദിവ്യയോട് പറഞ്ഞിരുന്നു. അവർക്കുമേൽ ദിവ്യ ദേഷ്യപ്പെടുകയാണ് ചെയ്തത്. അവർ മോഹിച്ച നേട്ടങ്ങൾക്ക് മുന്നിൽ പരാതികൾ ഒന്നുമല്ലാതെയായി. ഈ മെഗാഷോയിൽ ദിവ്യ ഉത്തരവാദിത്തം കാണിക്കണമായിരുന്നു. വിഐപികൾ എത്തേണ്ട വേദിയിൽ നല്ലൊരു കൈവരി കെട്ടുന്നതിന് പകരം പത്ത് രൂപയുടെ റിബൺ കെട്ടിയും ലാഭമുണ്ടാക്കി. നമ്മുടെ ഗ്രാമങ്ങളിൽ പണ്ടുകാലത്ത് തോട് മുറിച്ച് കടക്കാൻ ഒരു തെങ്ങിൻ തടിയും കയറും കെട്ടുമായിരുന്നു. റിബണിന് പകരം കയറാണ് കെട്ടിയിരുന്നെങ്കിൽ ഉമയ്ക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. സംഘാടകർക്കെതിരെ നടപടികൾ എടുത്തിട്ടുണ്ട്. ഇതൊക്കെ കുറച്ചുനാൾ മാത്രമേ ഉണ്ടാകൂവെന്ന് സംഘാടകർക്ക് നന്നായി അറിയാം'- അഷ്‌റഫ് പങ്കുവച്ചു.