മലയാളത്തിലെ ഒരു സൂപ്പർ താരത്തിന് മാർക്കോ ഇന്റർവെല്ലിന് ശേഷം കണ്ടിരിക്കാൻ കഴിഞ്ഞില്ല

Wednesday 01 January 2025 12:37 PM IST

ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന റെക്കോർഡ് ഉണ്ണി മുകുന്ദന്റെ മാർക്കോ നേടിക്കഴിഞ്ഞു. പ്രേക്ഷകർക്ക് കണ്ടിരിക്കാൻ കഴിയാത്തത്ര വയലൻസ് രംഗങ്ങൾ ചിത്രത്തിലുണ്ട്. ഹിന്ദിയിൽ അടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലെല്ലാം വമ്പൻ സ്വീകരണമാണ് മാർക്കോയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്റർവെല്ലിന് ശേഷമുള്ള ചില സീനുകൾ കണ്ടിരിക്കാൻ കഴിയാതെ ചിലർ തിയേറ്ററിൽ നിന്ന് ഇറങ്ങി പോയെന്നുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു.

ഇപ്പോഴിതാ യുവതാരം ആസിഫ് അലിക്കും അത്തരമൊരു സാഹചര്യമാണ് ഉണ്ടായതെന്ന് ചിത്രത്തിന്റെ മേക്കപ്പ് മാനായ സുധി സുരേന്ദ്രൻ പറയുന്നു. ''മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ആസിഫ് അലി മാർക്കോ കാണാൻ എത്തിയത്. കുടുംബസമേതമായിരുന്നു വന്നത്. സിനിമയുടെ ഫസ്‌റ്റ് ഹാഫ് അദ്ദേഹത്തിന് ഓക്കെ ആയിരുന്നു. സെക്കന്റ് ഹാഫ് തുടക്കമൊക്കെ ഓകെ ആയിരുന്നെങ്കിലും പിന്നീട് കണ്ടിരിക്കാൻ കഴിഞ്ഞില്ല. ഫോൺ വരുന്നുണ്ടെന്ന് പറഞ്ഞ് പുറത്തോട്ട് പോവുകയായിരുന്നു. പുള്ളി വളരെ ഇമോഷണലായി പോയി. ആസിഫ് ഇക്കയുടെ കുട്ടികൾ എപ്പോഴും ലൊക്കേഷനിൽ അദ്ദേഹത്തോടൊപ്പം വരുന്നതാണ്. അതൊക്കെ ആയിരുന്നു ഇക്കയുടെ ഇമോഷൻസിന് കാരണമായത്.''

ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാർക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹനീഫ് അദേനിയാണ് സംവിധായകൻ. തെലുങ്ക് നടി യുക്തി തരേജയാണ് നായിക. തിരക്കഥയും ഹനീഫ് അദേനിയുടേതാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. സംഗീതം നിർവഹിച്ചത് രവി ബസ്‌റുർ. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.