'പ്ലസ്ടു സമയത്തായിരുന്നു ഡേറ്റിംഗ്, ആന്റണി ഏഴ് വയസ് മൂത്തത്, കൊവിഡ് കാലത്ത് ഞങ്ങൾ താമസം ഒരുമിച്ചാക്കി'

Thursday 02 January 2025 11:31 AM IST

സമീപകാലത്ത് ഏറെ ചർച്ചയായ വിവാഹമാണ് നടി കീർത്തി സുരേഷിന്റേത്. സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം കഴിച്ചത്. ഇരുവരും 15 വർഷമായി പ്രണയത്തിലായിരുന്നു. ഗോവയിൽ വച്ചാണ് വിവാഹ ചടങ്ങ് നടന്നത്.

ഇരുവരുടെയും പ്രണയത്തെ കുറിച്ച് അറിയാൻ ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയകഥ തുറന്നുപറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷ്. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഓർക്കൂട്ടിലൂടെ ചാറ്റ് ചെയ്താണ് ആന്റണിയെ പരിചയപ്പെട്ടതെന്നും കീർത്തി വ്യക്തമാക്കി.

'ഞങ്ങൾ ഓക്കൂട്ടിലൂടെയാണ് പരിചയപ്പെട്ടത്. ഒരു മാസത്തെ ചാറ്റിംഗ് ശേഷമാണ് ഞങ്ങൾ ആദ്യമായി പരസ്പരം കാണുന്നത്. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് കാണുന്നത്. എന്റെ കുടുംബം എന്റെ ഒപ്പം ഉണ്ടായിരുന്നു അതിനാൽ അങ്ങോട്ട് പോയി സംസാരിക്കാൻ കഴിഞ്ഞില്ല, പോകാൻ നേരം ഞാൻ കണ്ണിറുക്കി.

കുറച്ച് മാസങ്ങൾക്ക് ശേഷം ധെെര്യമുണ്ടെങ്കിൽ എന്നെ പ്രപ്പോസ് ചെയ്യാൻ ആന്റണിയോട് ഞാനാണ് പറഞ്ഞ്. ആ വർഷം ന്യൂ ഇയറിന് അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാൻ യെസ് പറഞ്ഞു. 2010ലാണ് പ്രപ്പോസ് ചെയ്തത് 2016 ആയപ്പോഴാണ് റിലേഷൻഷിപ്പ് കൂടുതൽ ശക്തമായത്. ഞാൻ ഡേറ്റിംഗ് ചെയ്യാൻ ആരംഭിച്ചപ്പോൾ പ്ലസ്ടുവിലായിരുന്നു.

ആന്റണിക്ക് എന്നേക്കാൾ ഏഴ് വയസ് കൂടുതലാണ്. ആന്റണി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ആറ് വർഷത്തോളം ഞങ്ങൾ ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. കൊവിഡ് സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്',- കീർത്തി വ്യക്തമാക്കി.