മകൾക്ക് യൂണിഫോം പാന്റ്‌സും ഷർട്ടും മതി; ഐഷയുടെ ഒറ്റയാൾ പോരാട്ടത്തിൽ ഗവൺമെന്റ് ബോയ്‌സ് എച്ച്‌എസ്‌എസ് വഴങ്ങി

Thursday 02 January 2025 4:41 PM IST

ജൻഡർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷർട്ടുമിട്ട് അഭിമാനത്തോടെയാണ് ജന്നത്ത് സമരവീര ഇന്നലെ സ്‌കൂളിലെത്തിയത്. മാതാവും മഞ്ചേരി കോടതിയിലെ വക്കീലുമായ ഐഷ പി. ജമാലിന്റെ ഒറ്റയാൾ പോരാട്ടമാണ് മഞ്ചേരി ഗവ. ബോയ്‌സ് എച്ച്.എസ്.എസിലെ ഈ ഏഴാം ക്ളാസുകാരിക്ക് തുണയായത്. സ്‌കൂൾ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പാണ് ജന്നത്തിനായി പ്രത്യേക ഉത്തരവിറക്കിയത്.

ആൺകുട്ടികൾക്ക് ഷർട്ടും പാന്റ്സും പെൺകുട്ടികൾക്ക് സ്ലിറ്റില്ലാത്ത ടോപ്പും പാന്റ്‌സും ഓവർക്കോട്ടുമാണ് യൂണിഫോം. എന്നാൽ ചൂടുകാലത്ത് യൂണിഫോം ധരിക്കുന്നത് ജന്നത്തിന് വലിയ അസ്വസ്ഥതയുണ്ടായിരുന്നു. ബസിൽ കയറാനും സ്വതന്ത്രമായി നടക്കാൻപോലും പറ്റാത്ത അവസ്ഥ​. ഇതേത്തുടർന്നാണ് സ്‌കൂളിലെ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ ഐഷ മകൾക്കായി മുന്നിട്ടിറങ്ങിയത്.

കഴിഞ്ഞ മേയിൽ സ്കൂൾ അധികൃതരെയും പി.ടി.എ കമ്മിറ്റിയെയും ഐഷ കാര്യങ്ങൾ ധരിപ്പിച്ചു. തീരുമാനമെടുക്കാൻ ഐഷയുൾപ്പെടെയുള്ള സബ് കമ്മിറ്റിയും രൂപീകരിച്ചു. എന്നാൽ ഐഷ പങ്കെടുക്കാത്ത പി.ടി.എ യോഗം യൂണിഫോമിന് കളർ മാറ്റം മാത്രം മതിയെന്നു തീരുമാനിച്ചു. പെൺകുട്ടികൾക്ക് ഫുൾ കോളറിന് നെക്ക് പാറ്റേണും നിർബന്ധമാക്കി.

പി.ടി.എയുടെ യൂണിഫോം പാറ്റേൺ തുടരാം

മകൾക്ക് ഷർട്ടും പാന്റ്‌സും ധരിക്കാനുള്ള അനുമതിക്കായി ഹെഡ്‌മാസ്റ്റർക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും നിരസിച്ചു. ജൂൺ 14നാണ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്. പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ പ്രധാനാദ്ധ്യാപകനുമായും പി.ടി.എയുമായും ചർച്ച നടത്തി. എന്നാൽ പി.ടി.എ നിലപാടിലുറച്ചു നിന്നു.

പിന്നാലെയാണ് ജന്നത്തിന് ജൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാനും പി.ടി.എയുടെ യൂണിഫോം പാറ്റേൺ തുടരാനും അനുമതി നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. പരേതനായ ചാർളി കബീർദാസാണ് പിതാവ്. ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധനയിലാണ് മകളുടെ പേരിനൊപ്പം സമരവീര എന്നു ചേർത്തത്.