അക്കാര്യത്തില്‍ പ്രത്യേകിച്ച് സമയമൊന്നുമില്ല, എനിക്ക് പരിഭവവുമില്ല; മോഹന്‍ലാലിനെ കുറിച്ച് അമ്മ

Thursday 02 January 2025 8:56 PM IST

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ആരാധിക്കുന്ന മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ അമ്മയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. കുറച്ച് നാള്‍ മുമ്പ് അമ്മ ശാന്തകുമാരി നടത്തിയ ഒരു പ്രതികരണമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. തന്നെ സന്ദര്‍ശിക്കാന്‍ മകനായ മോഹന്‍ലാല്‍ എത്തുന്നതിനെ കുറിച്ചാണ് അമ്മ വീഡിയോയില്‍ പറയുന്നത്.

മോഹന്‍ലാലിന്റെ അമ്മയുടെ വാക്കുകള്‍: എപ്പഴാ സമയം കിട്ടുന്നതെന്ന് വച്ചാല്‍ അപ്പോള്‍ വരും. അതിന് പ്രത്യേകിച്ച് സമയമില്ല. പിന്നെ അപ്പോള്‍ വന്നിട്ട് അതേദിവസം തന്നെ മടങ്ങി പോകാനാണെങ്കില്‍ മക്കള് വരണ്ട എന്ന് ഞാന്‍ തന്നെ പറയും. അല്ലാതെ കഷ്ടമാണ്, രണ്ട് ദിവസമെങ്കിലും നിക്കാനാണെങ്കില്‍ വരാന്‍ പറയും. പിന്നെ അവന്റെ ജോലിയുടെ കാര്യം എനിക്കറിയാം. അതുകൊണ്ട് തന്നെ എനിക്ക് പരിഭവമില്ല. മോന് എപ്പോള്‍ സമയം കിട്ടുമോ അപ്പോള്‍ വരും, രണ്ടുപേരും ഒരുമിച്ചാണ് വരുന്നത്. ദിവസവും വിളിക്കും, എന്നും വിളിക്കുന്നത് ഒരു പതിവാണ്. ഞാന്‍ വിളിക്കാന്‍ താമസിച്ചാല്‍ ലാലു വിളിക്കും, ലാലു വിളിക്കാന്‍ താമസിച്ചാല്‍ ഞാന്‍ വിളിക്കും. മോളും (സുചിത്ര മോഹന്‍ലാല്‍) വിളിക്കും. മറ്റൊരു മകന്‍ മരിച്ചതിന് ശേഷം ദിവസവുമുള്ള ഫോണ്‍വിളി കുറച്ചുകൂടി കര്‍ശനമാക്കിയിട്ടുണ്ട് ലാലു.

മകനെ കുറിച്ചുള്ള അമ്മയുടെ പ്രതികരണത്തില്‍ ആരാധകരുടെ നിരവധി കമന്റുകളാണുള്ളത്. മലയാളത്തിന് മോഹന്‍ലാലിനെ സമ്മാനിച്ച അമ്മ എന്നും ഭാഗ്യമുള്ള അമ്മയെന്നുമുള്ള നിരവധി കമന്റുകളാണ് വീഡിയോയുടെ കമന്റ് സെക്ഷനിലുള്ളത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന മോഹന്‍ലാല്‍ ചിത്രം ഈ മാസം 30ന് പ്രദര്‍ശനത്തിനെത്തും.