റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിം കളിച്ചു,​ ട്രെയിൻ തട്ടി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Friday 03 January 2025 10:28 AM IST

പാട്‌‌ന: റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ചു. ബീഹാറിലെ വെസ്​റ്റ് ചമ്പാരൻ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മുഫാസിൽ പൊലീസ് സ്​റ്റേഷൻ പരിധിയിലുളള നർതിയാഗഞ്ച്- മുസാഫർപൂർ റെയിൽ സെക്ഷനിലായിരുന്നു അപകടം. ഫുർഖാൻ ആലം, സമീർ ആലം, ഹബീബുളള അൻസാരി എന്നിവരാണ് മരിച്ചത്.

ആൺകുട്ടികൾ ഇയർഫോൺ വച്ച് പബ്ജിയിൽ മുഴുകിയിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോയതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്. മാതാപിതാക്കൾ എത്തി കുട്ടികളുടെ മൃതദേഹങ്ങൾ ഏ​റ്റുവാങ്ങി. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.